ബിസിനസ് വാഗ്ദാനം നല്‍കി സുഹൃത്ത് വഞ്ചിച്ചു; മനോജിന് നഷ്ടമായത് സമ്പാദ്യം മുഴുവന്‍
13 വർഷത്തെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമായ കിടപ്പാടം എപ്പോൾ വേണമെങ്കിലും ബാങ്ക് ജപ്തി ചെയ്യാവുന്ന സ്ഥിതിയിലാണ്. മസ്കത്തിലും നാട്ടിലുമായി ഏകദേശം അറുപത് ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് മനോജിന് ഇപ്പോഴുള്ളത്.
നാട്ടിൽ നിന്ന് ഗൾഫിലേക്ക് പഴം, പച്ചക്കറി കയറ്റുമതി കച്ചവടം തുടങ്ങാമെന്ന സുഹൃത്തിന്റെ വാഗ്ദാനം വിശ്വസിച്ചതു മൂലം തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജിന് നഷ്ടമായത് ലക്ഷങ്ങള്‍. 13 വർഷത്തെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമായ കിടപ്പാടം എപ്പോൾ വേണമെങ്കിലും ബാങ്ക് ജപ്തി ചെയ്യാവുന്ന സ്ഥിതിയിലാണ്. മസ്കത്തിലും നാട്ടിലുമായി ഏകദേശം അറുപത് ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് മനോജിന് ഇപ്പോഴുള്ളത്.
കയറ്റുമതി ബിസിനസ് തുടങ്ങാൻ അമ്പത് ലക്ഷം രൂപ ചെലവുവരുമെന്നാണ് ദീപു മനോജിനോട് പറഞ്ഞത്. വായ്പക്ക് ബാങ്കിനെ സമീപിച്ചെങ്കിലും മുമ്പ് ഭവനവായ്പാ തിരിച്ചടവിൽ മുടക്കം വരുത്തിയിരുന്നതിനാൽ മനോജിന് വായ്പ ലഭിച്ചില്ല. ഇതേ തുടർന്ന് വീടും സ്ഥലവും ദുബൈയിൽ ജോലി ചെയ്യുന്ന ഐശ്വര്യയുടെ പേരിൽ എഴുതി കൊടുത്തു. തുടർന്ന് ഈ കരാർ കാട്ടി ഐ.ഡി.ബി.ഐ ബാങ്കിൽ നിന്ന് 2014 നവംബറിൽ 48 ലക്ഷം രൂപയുടെ പർച്ചേഴ്സ് വായ്പയെടുക്കുകയായിരുന്നു. ബാങ്ക് വായ്പ അടച്ചുതീർന്നാൽ സ്ഥലം തിരിച്ച് എഴുതി നൽകാമെന്നായിരുന്നു ഇവർ തമ്മിലെ ധാരണ. മനോജ് ഈ സമയം പഴം, പച്ചക്കറി വിപണനം ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് ഒമാനിലെത്തിയ ദീപു ഉള്ളി ഇറക്കുമതി ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് മനോജിന്റെ സ്പോൺസറെ കൊണ്ട് ആറായിരം റിയാൽ തിരുവനന്തപുരത്തെ കയറ്റുമതിക്കാര്‍ക്കു അയച്ചു കൊടുപ്പിക്കുകയും ചെയ്തു. ഇത് കബളിപ്പിക്കലാണെന്ന് ബോധ്യമായതോടെ മനോജിനെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നു. പാസ്പോർട്ട് വിട്ടുകൊടുക്കാനും സ്പോൺസർ ഇതുവരെ തയാറായിട്ടില്ല. നിയമ നടപടികൾക്കായി നാട്ടിൽ പോകണമെന്ന ആഗ്രഹത്തിന് പാസ്പോർട്ട് ഇല്ലാത്തത് കുരുക്കാകുന്നതിന്റെ വേദനയിലാണ് ഈ യുവാവ്. ദീപുവും ഭാര്യ ഐശ്വര്യയും അടക്കമുള്ളവർക്കെതിരെ മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.