ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റ് നാളെ
ഫെസ്റ്റ് ഇന്ത്യന്‍ ഫുട്‌ബോളറും കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും
ചാലിയാര്‍ തീരവാസികളായ ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ ചാലിയാര്‍ ദോഹ യൂടെ മൂന്നാമത് സ്‌പോര്‍ട്‌സ് ഫെസ്റ്റ്, ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വക്‌റ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫെസ്റ്റ് ഇന്ത്യന്‍ ഫുട്‌ബോളറും കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും.
ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 14 നാണ് മൂന്നാമത് ചാലിയാര്‍ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടക്കുന്നത്. നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള ചാലിയാര്‍ തീരത്തെ വിവിധ പഞ്ചായത്തുകളുടെ ബാനറില്‍ അണി നിരക്കുന്ന ടീമുകള്‍ തമ്മിലായിരിക്കും കായിക മത്സരങ്ങള്‍ അരങ്ങേറുക. രാവിലെ 7 30 ന് വക്‌റയിലെ പേള്‍ റൗണ്ട് എബൗട്ടില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം, ഒളിമ്പിക് കമ്മിറ്റി, എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം ഐ സി സി ഐ സി ബി എഫ് ഐ ബി പി എന്‍ എന്നിവയുടെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിനെത്തും. ട്രാക്കിലും ഫീല്‍ഡിലുമായി വിവിധ കായിക ഇനങ്ങളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മത്സരങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.