ഖത്തറില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍വ്വീസുകള്‍ നടത്തുമെന്ന് സൗദി എയര്‍ലൈന്‍

Update: 2018-05-03 16:36 GMT
Editor : Subin
ഖത്തറില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍വ്വീസുകള്‍ നടത്തുമെന്ന് സൗദി എയര്‍ലൈന്‍

കരമാര്‍ഗം സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ ദമാം, അല്‍ഹസ്സ വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേക വിമാനം ഏര്‍പ്പെടുത്തും...

ഖത്തറില്‍ നിന്നും ഹജ്ജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിക്കാന്‍ ഏഴ് സര്‍വ്വീസ് നടത്തുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നിന്നും ഹാജിമാരെ കൊണ്ടുവരാന്‍ വിമാനം അയക്കാന്‍ കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു. സല്‍വ അതിര്‍ത്തി വഴി ഇന്നലെ 120 ഹാജിമാര്‍ സൗദിയിലെത്തി.

ഖത്തറില്‍ നിന്നും തീര്‍ഥാടകരെ മക്കയിലെത്തിക്കാന്‍ ആഗസ്റ്റ് 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി ദോഹ ജിദ്ദ സെക്ടറില്‍ ഏഴ് സര്‍വ്വീസുകള്‍ നടത്താനാണ് സൗദി എയര്‍ലൈന്‍സ് തീരുമാനം. ബോയിംങ് 777-300 ശ്രേണിയിലെ ഏറ്റവും പുതിയ വിമാനങ്ങളാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തുക. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തീര്‍ഥാടകരെ ജിദ്ദ കിംങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Advertising
Advertising

ഹജ്ജിന് ശേഷം സെപ്തംബര്‍ അഞ്ച് മുതലാണ് മടക്കയാത്ര ക്രമീകരിക്കുന്നത്. വിമാന യാത്രയുടെ മുഴുവന്‍ ചെലവുകള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വഹിക്കും. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരെ ഹജ്ജിനെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ നിര്‍ദേശം നല്‍കിയതായി സിവില്‍ ഏവിയേഷന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് ഒതൈബി പറഞ്ഞു.

കരമാര്‍ഗം സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ ദമാം, അല്‍ഹസ്സ വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേക വിമാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സല്‍വ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം മുതല്‍ ഖത്തറില്‍ നിന്നും ഹാജിമാര്‍ സൗദിയിലെത്തി തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് വരെ നൂറ്റി ഇരുപത് ഹാജിമാര്‍ എത്തിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News