ദുബൈ എമിറേറ്റ്സ് റോഡപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ
മറ്റൊരു അപകടത്തില്‍പെട്ട ട്രക്ക് റോഡിന്റെ മൂന്നാമത്തെ വരിയില്‍ നിര്‍ത്തിയിട്ടതും ഇത് ശ്രദ്ധിക്കാതെ മിനിബസ് ഡ്രൈവര്‍ വാഹനമോടിച്ചതുമാണ് അപകടത്തിന് വഴിവെച്ചതെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്നാഇ പറഞ്ഞു.
ദുബൈ എമിറേറ്റ്സ് റോഡില്‍ കഴിഞ്ഞ ദിവസം മലയാളി അടക്കം ഏഴുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും വാഹനത്തിന്റെ തകരാറല്ലെന്നും ദുബൈ പൊലീസ്. മറ്റൊരു അപകടത്തില്‍പെട്ട ട്രക്ക് റോഡിന്റെ മൂന്നാമത്തെ വരിയില്‍ നിര്‍ത്തിയിട്ടതും ഇത് ശ്രദ്ധിക്കാതെ മിനിബസ് ഡ്രൈവര്‍ വാഹനമോടിച്ചതുമാണ് അപകടത്തിന് വഴിവെച്ചതെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്നാഇ പറഞ്ഞു.
മിനിബസിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പരിധിയില്‍ കൂടുതല്‍ ആളുകളും ബസില്‍ ഉണ്ടായിരുന്നില്ല. മിനിബസുകള്‍ക്ക് അനുവദിച്ച പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്ററാണ്. വേഗപരിധി കുറച്ച ശേഷം അപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു. ആളുകളെ കൊണ്ടുപോകുന്നതില്‍ നിന്ന് മിനിബസുകളെ തടയാനുള്ള ശിപാര്‍ശ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മന്ത്രിസഭക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ മന്ത്രിസഭ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം അപകടത്തില്‍ മരിച്ച തിരുവനന്തപുരം കുമാരമംഗലം സ്വദേശി കുമാര്‍--ലത ദമ്പതികളുടെ മകന്‍ എവിന്‍ കുമാറിന്റെ (28) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഒരു വര്‍ഷം മുമ്പാണ് എന്‍ജിനിയറായ എവിന്‍ കുമാര്‍ ദുബൈയിലെ സ്റ്റീല്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. എവിന്റെ പിതാവ് കുമാര്‍ 38 വര്‍ഷമായി ദുബൈയിലെ സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.
എവിന്‍ കുമാറടക്കം ഏഴ് പേരാണ് അപകടത്തില്‍ മരിച്ചത്. കമ്പനി ജീവനക്കാരുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. മിനി ബസ് ഡ്രൈവറായ പാകിസ്താന്‍ സ്വദേശിയും തമിഴ്നാട്, ഉത്തരേന്ത്യ സ്വദേശികളുമാണ് മരിച്ച മറ്റുള്ളവര്‍. 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ മൂന്ന് പേരൊഴികെ ബാക്കി എല്ലാവരും ആശുപത്രി വിട്ടു.