ഈദ് ദിനങ്ങളില്‍ ദുബൈയിലെത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റും നീണ്ട ദിവസങ്ങള്‍ അവധിയാണെങ്കിലും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതുമൂലം പ്രയാസം ഇല്ലാതെ നോക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി ദുബൈ എമിഗ്രേഷന്‍റെ രണ്ട് സേവന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ഈദ് അവധി ദിനങ്ങളില്‍ ദുബൈയിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സന്ദര്‍ശകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ദുബൈ താമസ കുടിയേറ്റ വിഭാഗം.
പെരുന്നാള്‍ ആഘോഷത്തിനായി ഇപ്പോള്‍ തന്നെ ആയിരങ്ങളാണ് ദുബൈയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അവധി പ്രഖ്യാപനം വന്നതോടെ കുടുംബസമേതമാണ് പലരും ദുബൈയിലെത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റും നീണ്ട ദിവസങ്ങള്‍ അവധിയാണെങ്കിലും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതുമൂലം പ്രയാസം ഇല്ലാതെ നോക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി ദുബൈ എമിഗ്രേഷന്‍റെ രണ്ട് സേവന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. അല്‍മനാറ സെന്‍റര്‍, അല്‍തവാര്‍ സെന്‍റര്‍ എന്നിവയാകും തുറന്നു പ്രവര്‍ത്തിക്കുകയെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് ഇവിടങ്ങളില്‍ സേവനം ലഭ്യമാവുക.
ഇതിനു പുറമെ ദുബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 ലെ സേവന കാര്യാലയം 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. ദുബൈ എമിഗ്രേഷന്‍ വിഭാഗം അവധി പിന്നിട്ട് ജൂലൈ 10 ന് ആയിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുലമായ നടപടിക്രമങ്ങളാണ് ദുബൈ എമിഗ്രേഷന്‍ വകുപ്പ് നടത്തുന്നത്. ചെക്കിങ് കേന്ദ്രങ്ങളില്‍ നടപടിക്ക് കുടുതല്‍ ജീവനക്കാരെ നിയമിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തീകരിക്കുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനവും വിപുലപ്പെടുത്തി .
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ അറബ് പാരമ്പര്യ രീതിയിലാകും വരവേല്‍ക്കുക. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ദുബൈ താമസ കുടിയേറ്റ വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മ്മദ് അല്‍മറി അറിയിച്ചു.