നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷന്‍ ഒമാന്‍ റദ്ദാക്കി

Update: 2018-05-11 13:51 GMT
നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷന്‍ ഒമാന്‍ റദ്ദാക്കി

വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.

Full View

വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. 130ലധികം കമ്പനികള്‍ക്കു പരിശോധനക്കായി കത്ത് നല്‍കിയതായും ഇതില്‍ ചില സ്ഥാപനങ്ങള്‍ക്ക് അമ്പതിലധികം രജിസ്‌ട്രേഷന്‍ വരെ ഉള്ളതായി കണ്ടത്തിയതായും വാണിജ്യ വിഭാഗം മേധാവി ഖാമിസ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഫാര്‍സി പറഞ്ഞു.

Advertising
Advertising

ബിസിനസിന്റെ സ്വഭാവം സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു 130ലധികം കമ്പനികള്‍ക്കാണ് മന്ത്രാലയം പരിശോധനക്കായി കത്ത് നല്‍കിയത്. ലൈസന്‍സും കമ്പനിയുടെ പ്രവര്‍ത്തന മേഖലയും, സ്വദേശിവത്കരണ തോത്, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും മന്ത്രാലയം അധികൃതര്‍ പരിശോധിച്ചത്. പ്രവര്‍ത്തനം നിലച്ച ചില കമ്പനികള്‍ക്ക് 'ഇന്‍വെസ്റ്റ് ഈസി' പോര്‍ട്ടല്‍ മുഖേന നല്‍കി വന്ന സേവനങ്ങള്‍ നിര്‍ത്തലാക്കിയതായി അല്‍ ഫാര്‍സി അറിയിച്ചു. സ്വദേശിവത്കരണം നിര്‍ദേശിച്ച തോതില്‍ നടത്താത്തതും സ്വദേശികളെ പിരിച്ചുവിട്ടതുമായ കമ്പനികള്‍ക്കുള്ള സേവനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്.

കമ്പനി വാണിജ്യ രജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതായോ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നോ കണ്ടെത്തിയാല്‍ ആ കമ്പനിയുമായുള്ള ഇടപാടുകള്‍ മന്ത്രാലയം നിര്‍ത്തി വെക്കുകയും ആവശ്യമെങ്കില്‍ കേസ് കോടതിയിലേക്ക് കൈമാറുകയോ ചെയ്യും. ഒന്നിലധികം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ നേടാന്‍ മന്ത്രാലയത്തിന്റെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യരുത്.

രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഉടന്‍ പ്രവര്‍ത്തന സജ്ജമാവുകയും നിര്‍ദിഷ്ട തോതില്‍ സ്വദേശികളെ നിയമിച്ച് നികുതി അടക്കുകയും വേണമെന്നും അല്‍ ഫാര്‍സി പറഞ്ഞു. ആളുകള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ നിരവധി രജിസ്‌ട്രേഷനുകള്‍ സ്വന്തമാക്കി അനധികൃത വ്യാപാരത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തെ കുറിച്ച് വേണ്ട വിധത്തിലുള്ള കണക്കുകള്‍ സമര്‍പ്പിക്കാത്തത് രാജ്യത്തിന്റെ സമ്പദ്ഘടനയെ മോശമായിട്ടാണ് ബാധിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ നിയമത്തിന് മുന്നില്‍ ഉത്തരം പറയേണ്ടിവരുമെന്ന് പറഞ്ഞ ഫാര്‍സി നിലവില്‍ ഒന്നിലധികം രജിസ്‌ട്രേഷനുകള്‍ ഉള്ളവര്‍ അവ ഒന്നാക്കുകയോ അല്ലെങ്കില്‍ റദ്ദാക്കുകയോ ചെയ്യാന്‍ മുന്നോട്ടുവരണമെന്നും അറിയിച്ചു.

Tags:    

Similar News