ആറാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ സമാപിച്ചു
സ്വദേശികളം വിദേശികളും ഉള്‍പ്പെടെ റെക്കോഡ് ജനക്കൂട്ടമാണ് ഇത്തവണ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനെത്തിയത്.
കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആറാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ സമാപിച്ചു .സ്വദേശികളം വിദേശികളും ഉള്‍പ്പെടെ റെക്കോഡ് ജനക്കൂട്ടമാണ് ഇത്തവണ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനെത്തിയത്. അറബ് പാരമ്പര്യ ജീവിതത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ ല്കഷ്യമിട്ട് നടത്തിയ പ്രദര്‍ശനത്തില്‍ സ്‌കൂള്‍ വിദ്യാര്‍്തഥികള്‍ കൂട്ടത്തോടെയാണെത്തിയത് .
ഖത്തരി പാരമ്പര്യ ജീവിതവും പൈതകവും ഓര്‍മ്മപ്പെടുത്തുന്ന പ്രദര്‍ശനത്തിലേക്ക് ആദ്യ ദിനം മുതല്‍ തന്നെ സന്ദര്ശകരുടെ ഒഴുക്കായിരുന്നു . മേളയ്ക്ക് ഫെബ്രുവരി 25നാണ് തുടക്കമായത്. ആടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തിയിരുന്ന മരുഭൂമിയിലെ പഴയ കാല ജീവിതവും ,മൃഗവ്യാപാരവും പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കുകയായിരുന്നു മേളയുടെ ലക്ഷ്യം.
വിവിധ ഇനങ്ങളില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനത്തിനു പുറമെ , അല്‍മസൈന്‍ എന്നപേരില്‍ ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കുമായുള്ള സൗന്ദര്യ മത്സരവും നടന്നു .കൂടാതെ അല്‍മസാദ് എന്നപേരില്‍ വിവിധ തരത്തിലുള്ള കന്നുകാലികളുടെ ലേലവും മേളയുടെ ഭാഗമായി നടന്നു.
ഇന്ത്യ, റൊമാനിയ, കുവൈത്ത്, പോര്‍ച്ചുഗല്‍, പെറു, കാനഡ, ജപ്പാന്‍, എരിത്രിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ മേള സന്ദര്‍ശിക്കാനെത്തി. കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്്‌റാഹിം അല്‍സുലൈത്തിയുടെ നേതൃത്വത്തില്‍ പ്രതിനിധികള്‍ മേള ചുറ്റിക്കണ്ടു. 2000ഓളം സര്‍ക്കാര്‍, ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മേള സന്ദര്‍ശിച്ചിരുന്നു. ഫോട്ടോഗ്രാഫി പ്രദര്‍ശനം, കരകൗശലപരമ്പരാഗത പ്രദര്‍ശനം, നാടന്‍ പാട്ടുകള്‍, പരമ്പരാഗത കളികള്‍ തുടങ്ങിയവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. പഴയ മാതൃകയില്‍ സജ്ജീകരിച്ച സൂഖ്, പരമ്പരാഗത ടെന്റ്, ഒട്ടക, കുതിര സവാരി എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു.