ഭീകരത വിരുദ്ധ നിയമത്തിൽ ഖത്തർ ഭേദഗതി വരുത്തി

Update: 2018-05-18 16:53 GMT
Editor : Jaisy
ഭീകരത വിരുദ്ധ നിയമത്തിൽ ഖത്തർ ഭേദഗതി വരുത്തി

ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നു ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട് ചെയ്തു

രാജ്യത്തെ ഭീകരത വിരുദ്ധ നിയമത്തിൽ ഖത്തർ ഭേദഗതി വരുത്തി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് . ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നു ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഭീകരയുടെ നിർവചനം, ഭീകര പ്രവർത്തന കുറ്റകൃത്യം, ഭീകരവാദത്തെ അംഗീകരിക്കൽ, ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, തുടങ്ങിയവ സംബന്ധിച്ചു വിശദീകരിക്കുന്നതാണു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുറപ്പെടുവിച്ച വിജ്ഞാപനം . ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട വ്യക്​തികളുടെയും സംഘടനകളുടെയും പട്ടിക തയാറാക്കൽ, ഇത്തരക്കാർക്ക് മേൽ ചുമത്തേണ്ട നിയമ നടപടികളെ സംബന്ധിച്ച വിശദീകരണം എന്നിവയും പുതിയ നിയമത്തിന്റെ പരിധിയിൽ വരും . തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും തീരുമാനം ചോദ്യം ചെയ്തു കൊണ്ട് പരമോന്നതകോടതിയെ സമീപിക്കാമെന്നും ഭേദഗതിയിൽ വ്യവസ്ഥയുണ്ട് . ഭീകരവാദം, ഭികരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകൽ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ്​ ടില്ലേഴ്സണും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്​മൻ ആൽഥാനിയും ദിവസങ്ങൾക്ക് മുമ്പ്​ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ ഭീകരത വിരുദ്ധ നിയമം അമീർ പ്രഖ്യാപിച്ചത്. ഔദ്യോഗികമായി വാർത്ത പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകുമെന്നു ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News