വ്യാപാര രംഗത്ത് ദുബൈ കുതിച്ചുയരുന്നു

Update: 2018-05-27 08:11 GMT
Editor : admin
വ്യാപാര രംഗത്ത് ദുബൈ കുതിച്ചുയരുന്നു

കഴിഞ്ഞ വര്‍ഷം ദുബൈയുടെ എണ്ണയിതര വിദേശ വ്യാപാരം 1.28 ട്രില്യണ്‍ ദിര്‍ഹം കടന്നതായി ദുബൈ കിരീടാവകാശി

Full View

അന്തര്‍ദേശീയ വ്യാപാര രംഗത്ത് ദുബൈ കൂടുതല്‍ കരുത്താര്‍ജിച്ച് ഉയരങ്ങളിലേക്ക്. കഴിഞ്ഞ വര്‍ഷം ദുബൈയുടെ എണ്ണയിതര വിദേശ വ്യാപാരം 1.28 ട്രില്യണ്‍ ദിര്‍ഹം കടന്നതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു. സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണവും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്വീകരിച്ച നയങ്ങളുമാണ് കുതിപ്പിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertising
Advertising

796 ബില്യണ്‍ ദിര്‍ഹമിന്‍റെ ഇറക്കുമതിയും 132 ബില്യണ്‍ ദിര്‍ഹമിന്‍റെ കയറ്റുമതിയുമാണ് കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്നത്. 355 ബില്യണ്‍ ദിര്‍ഹമിന്‍റെ പുനര്‍കയറ്റുമതിയും നടന്നു. ദുബൈയുടെ വ്യാപാര രംഗം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വിവര സാങ്കേതികവിദ്യാ രംഗത്ത് അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും വന്‍ ശക്തിയായി ദുബൈ വളര്‍ന്നുകഴിഞ്ഞു. സ്മാര്‍ട്ട് സിറ്റിയായി മാറാനുള്ള തയാറെടുപ്പിലുമാണ്.

ലോകതലത്തില്‍ വ്യാപാര മാന്ദ്യം രേഖപ്പെടുത്തിയപ്പോഴും മൊബൈല്‍ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും വിപണന രംഗത്ത് വന്‍ വളര്‍ച്ചാണ് ദുബൈയില്‍ അനുഭവപ്പെട്ടത്. ടെലിഫോണുകളാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടത്. 185 ബില്യണ്‍ ദിര്‍ഹമിന്‍റെ ടെലിഫോണ്‍ വില്‍പന നടന്നു. സ്മാര്‍ട്ട് ഫോണുകള്‍, മൊബൈല്‍ ഫോണുകള്‍, ലാന്‍ഡ് ഫോണുകള്‍ എന്നിവയുടെ മൊത്തമായുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ ആറാം സ്ഥാനം കമ്പ്യൂട്ടറുകള്‍ക്കാണ്. 46 ബില്യണ്‍ ദിര്‍ഹമിന്‍റെ കമ്പ്യൂട്ടറുകളുടെ വില്‍പന നടന്നു.

സ്വര്‍ണ, രത്ന വ്യാപാര രംഗത്ത് ദുബൈ മേധാവിത്വം നിലനിര്‍ത്തി. 117 ബില്യണ്‍ ദിര്‍ഹമിന്‍റെ സ്വര്‍ണവും 94 ബില്യണ്‍ ദിര്‍ഹമിന്‍റെ രത്നവും 65 ബില്യണ്‍ ദിര്‍ഹമിന്‍റെ മറ്റ് ആഭരണങ്ങളും വില്‍ക്കപ്പെട്ടു. 68 ബില്യണ്‍ ദിര്‍ഹമിന്‍റെ വാഹന വില്‍പനയും നടന്നു. വ്യോമ മാര്‍ഗം 571 ബില്യണ്‍ ദിര്‍ഹമിന്‍റെയും കടല്‍ മാര്‍ഗം 501 ബില്യണ്‍ ദിര്‍ഹമിന്‍റെയും കരമാര്‍ഗം 210 ബില്യണ്‍ ദിര്‍ഹമിന്‍റെയും വ്യാപാരമാണ് നടന്നത്. ചൈനയാണ് ദുബൈയുടെ പ്രധാന വ്യാപാര പങ്കാളി. 176 ബില്യണ്‍ ദിര്‍ഹമിന്‍റെ വ്യാപാരമാണ് ചൈനയുമായി നടന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുമായി 96 ബില്യണ്‍ ദിര്‍ഹമിന്‍റെയും മൂന്നാം സ്ഥാനത്തുള്ള അമേരിക്കയുമായി 82 ബില്യണ്‍ ദിര്‍ഹമിന്‍റയും വ്യാപാരം നടന്നു. സൗദി അറേബ്യ, ജര്‍മനി എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News