ദുബൈയില്‍ ബസ്സില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ പരിശോധന
ദുബൈയില്‍ പണം നല്‍കാതെ ബസില്‍ യാത്ര ചെയ്യുന്നവരും ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരും സൂക്ഷിക്കുക
ദുബൈയില്‍ പണം നല്‍കാതെ ബസില്‍ യാത്ര ചെയ്യുന്നവരും ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരും സൂക്ഷിക്കുക. ഇവരെ പിടികൂടാന്‍ ആര്‍ടിഎ പ്രത്യേക പരിശോധന തുടങ്ങി. റാസിദ് എന്ന് പേരിട്ട പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നോല്‍ കാര്‍ഡുകള്‍ വഴിയാണ് ബസ് യാത്രക്കുള്ള പണം നല്‍കേണ്ടത്. ബസില്‍ കയറുമ്പോള്‍ നോല്‍ കാര്‍ഡില്‍ ഏറ്റവും കുറഞ്ഞത് 7.50 ദിര്‍ഹം ബാലന്‍സ് ഉണ്ടായിരിക്കണം. ഈ തുക ഇല്ലെങ്കില്‍ കാര്‍ഡ് സൈവ് അപ് ചെയ്യാന്‍ സാധിക്കില്ല. കാര്‍ഡ് റീഡ് ചെയ്യപ്പെട്ടില്ലെങ്കില്‍ അനധികൃത യാത്രയായി കണക്കാക്കും. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 200 ദിര്‍ഹമാണ് പിഴ. അതിനാല്‍ കാര്‍ഡില്‍ യാത്രക്കാവശ്യമായ തുകയുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ ബസില്‍ കയറാവൂ.
കയറുന്നവരെല്ലാം നോല്‍ കാര്‍ഡ് സൈവ് അപ് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ 100 ബസുകളില്‍ പ്രത്യേക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരും ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ആര്‍.ടി.എ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും. ഇത് ചെക്കൗട്ട് വിവരങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ പണം നല്‍കാത്തവരുടെ എണ്ണം ലഭ്യമാകും. ഈ സംവിധാനം നടപ്പാക്കിയത് മുതല്‍ പണം നല്‍കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം കുറഞ്ഞു. ക്രമേണ എല്ലാ ബസുകളിലും ഈ സംവിധാനം സ്ഥാപിക്കും. നിയമലംഘനം നടത്തുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും.