ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക
ഇറാനു നേരെ സൈബർ ആക്രമണം നടത്തിയതിനു പിന്നാലെ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനും അമേരിക്ക ശ്രമം തുടങ്ങി. സംഘർഷം കനത്തതോടെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന ആവശ്യവുമായി യു.എ.ഇയുള്ള ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ രംഗത്തു വന്നു. അമേരിക്കയുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇറാൻ.
യു.എസ് പ്രസിഡൻറ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് ഇറാനു നേരെ സൈബർ ആക്രമണം ഉണ്ടായത്. മിസൈൽ നിയന്ത്രിത സാങ്കേതിക സംവിധാനങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു സൈബർ ആക്രമണം എന്നാണ് അമേരിക്ക വിശദീകരിക്കുന്നത്. എന്നാൽ സൈബർ ആക്രമണം ഇറാനെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം വ്യക്തമല്ല. കൂടുതൽ കടുത്ത ഉപരോധങ്ങൾ ഇറാനു മേൽ ഏർപ്പെടുത്തുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ മേഖലയിൽ നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കയുടെ ക്ഷമയെ ദൗർബല്യമായി ഇറാൻ കാണരുതെന്നും ഇസ്രായേൽ സന്ദർശനത്തിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ പ്രത്യേക പ്രതിനിധിയുടെ യു.എ.ഇ സന്ദർശനം തുടരുകയാണ്.
ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും സൈനിക സന്നാഹങ്ങൾ വർധിപ്പിച്ചത് ഗൾഫ് രാജ്യങ്ങളിലും ആശങ്ക പടർത്തുന്നുണ്ട്. ഗൾഫ് സംഘർഷത്തിന് ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരം ഉറപ്പാക്കാനാണ് ഇരുപക്ഷവും തുനിയേണ്ടതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് ട്വിറ്ററിൽ വ്യക്തമാക്കി. എണ്ണ ടാങ്കറുകൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നാലെ ആളില്ലാ യു.എസ് ചാരവിമാനം വെടിവെച്ചിട്ടതും ഇറാനെതിരെ നടപടികൾ ശക്തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയാണ്.