ഖത്തറില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും അഞ്ച് വര്‍ഷം വരെ പുതുക്കാം
മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ സജ്ജീകരിച്ചിട്ടുള്ള ഏകജാലക സംവിധാനം വഴിയാണ് ഇവ പുതുക്കേണ്ടത്
ഖത്തറില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും ഇനി അഞ്ച് വര്‍ഷം വരെ പുതുക്കാം. ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴിയാണ് പുതിയ സൌകര്യം മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ഖത്തര്‍ വ്യവസായ വാണിജ്യമന്ത്രാലയമാണ് ബിസിനസ് മേഖലയില്‍ നിര്‍ണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൊമേസ്യല്‍ ലൈസന്‍സ്, രജിസ്ട്രേഷന്‍ തുടങ്ങിയവ ഒരു വര്‍ഷത്തെ കാലയളവിലേക്കോ അഞ്ച് വര്‍ഷത്തെ കാലയളവ് വരെയോ പുതുക്കാന്‍ അവസരമുണ്ടാകും. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ സജ്ജീകരിച്ചിട്ടുള്ള ഏകജാലക സംവിധാനം വഴിയാണ് ഇവ പുതുക്കേണ്ടത്. ബിസിനസ് മേഖലയിലെ സൌഹൃദ അന്തരീക്ഷം ശക്തമാക്കുക, നിക്ഷേപങ്ങളെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യംവെച്ചാണ് പുതിയ നടപടികളെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ പേരും നിക്ഷേപമിറക്കിയിരിക്കുന്നത് ചെറുകിട വാണിജ്യമേഖലയിലായതിനാല്‍ തന്നെ പുതിയ തീരുമാനം പ്രാവസി ബിസിനസുകാര്‍ക്ക് ആശ്വാസം പകരുന്നതാണ്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഏറെക്കുറെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷനും ലൈസന്‍സും വ്യവസായ മന്ത്രാലയം സൌജന്യമായി പുതുക്കി നല്‍കിയിട്ടുണ്ട്.