രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!; കുവൈത്തിൽ ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കാൻ പ്രത്യേക പ്രോസിക്യൂഷൻ

സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ്, ടെററിസം ആന്റ് ടെററിസം ഫിനാൻസിങ് പ്രോസിക്യൂഷൻ എന്ന പേരിലാണ് പുതിയ വിഭാഗം

Update: 2026-03-31 10:13 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പുതിയ പ്രത്യേക പ്രോസിക്യൂഷൻ യൂണിറ്റ് രൂപീകരിക്കാൻ ഉത്തരവുമായി കുവൈത്ത് അറ്റോർണി ജനറൽ കൗൺസിലർ സഅദ് അൽ സഫ്രാൻ. 'സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ്, ടെററിസം ആന്റ് ടെററിസം ഫിനാൻസിങ് പ്രോസിക്യൂഷൻ' എന്ന പേരിലാണ് പുതിയ വിഭാഗം അറിയപ്പെടുക. രാജ്യത്തിന്റെ പരമാധികാരത്തെയും സ്ഥിരതയെയും ബാധിക്കുന്ന ആഭ്യന്തര, വിദേശ സുരക്ഷാ കേസുകളിൽ അന്വേഷണം നടത്താൻ ഈ വിഭാഗത്തിന് പ്രത്യേക അധികാരമുണ്ടാകും.

ഭീകരവാദ പ്രവർത്തനങ്ങൾ, ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ യൂണിറ്റ് നേരിട്ട് കൈകാര്യം ചെയ്യും. വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളും കുവൈത്തിന്റെ പരിഷ്കരിച്ച നിയമങ്ങൾക്കനുസൃതമായി ഈ വിഭാഗം അന്വേഷിക്കും. സൈനിക സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഈ യൂണിറ്റിന്റെ പരിധിയിൽ വരും. പബ്ലിക് പ്രോസിക്യൂഷന് കീഴിലായിരിക്കും പുതിയ യൂണിറ്റ് പ്രവർത്തിക്കുക.

ഒരു ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പുറമെ ആവശ്യമായ അത്രയും പ്രോസിക്യൂട്ടർമാരും ഈ വിഭാഗത്തിലുണ്ടാകും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് പുതിയ കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യാനുള്ള നടപടികളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക കാലത്തെ സുരക്ഷാ വെല്ലുവിളികളെയും അന്തരാഷ്ട്ര കുറ്റകൃത്യങ്ങളെയും നേരിടാൻ കുവൈത്തിന്റെ നിയമ വ്യവസ്ഥയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News