യു.എസ് വിധിയിൽ കണ്ണുനട്ട് ഗൾഫ്; നയംമാറ്റത്തിന് സാധ്യത കുറവ്
ആരു തെരഞ്ഞെടുക്കപ്പെട്ടാലും ഗൾഫ്, അമേരിക്ക ബന്ധം കൂടുതൽ കരുത്തോടെ മുന്നോട്ടു പോകും എന്ന വിലയിരുത്തലിനാണ് മേൽക്കൈ.
ഡൊണാൾഡ് ട്രംപ് തുടരുമോ, അതല്ല ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെടുമോ?
ലോകം ഒന്നാകെ കാത്തിരിക്കുന്ന ഈ ചോദ്യം തന്നെയാണ് ഗൾഫ് രാജ്യങ്ങളിലും അലയടിക്കുന്നത്. രണ്ടിൽ ആരു തെരഞ്ഞെടുക്കപ്പെട്ടാലും ഗൾഫ്, അമേരിക്ക ബന്ധം കൂടുതൽ കരുത്തോടെ മുന്നോട്ടു പോകും എന്ന വിലയിരുത്തലിനാണ് മേൽക്കൈ.
യു.എസ് പ്രസിഡന്‍റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ കാതലായ മാറ്റത്തിന് സാധ്യത കുറവ്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ റിപ്പബ്ലിക്കൻ കക്ഷിക്കൊപ്പം ഡമോക്രാറ്റുകളും പിന്തുണക്കുന്നുണ്ട്. മേഖലയുടെ കെട്ടുറപ്പിനും പുരോഗതിക്കും ഗൾഫ്, യു.എസ് ബന്ധം ശക്തിപ്പെടണമെന്ന വിലയിരുത്തലിൽ ആണ് ഇരുപക്ഷവും രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിൽ പരസ്പര ബന്ധം ഏറ്റവും ഉയർന്ന അവസ്ഥയിലാണിപ്പോൾ. യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനെ ട്രംപ് മാത്രമല്ല, ജോ ബൈഡനും പ്രകീർത്തിക്കുന്നുണ്ട്. എഫ് 35 യുദ്ധവിമാനം യു.എ.ഇക്ക് കൈമാറുന്നതിനെ ഡെമോക്രാറ്റുകളും എതിർക്കാനിടയില്ല.
അതേസമയം ഇറാൻ ഉയർത്തുന്ന സുരക്ഷാ ഭീഷണിയെ ഗൗരവത്തിൽ കാണാൻ ട്രംപിന് സാധിച്ചതായാണ് ഗൾഫ് ഭരണാധികാരികളുടെ വിലയിരുത്തൽ. ഇറാന്‍റെ ആണവ, ബാലിസ്റ്റിക് പദ്ധതിക്കെതിരെ ട്രംപ് ഭരണകൂടം കൈക്കൊണ്ട ഉറച്ച നിലപാട് ബൈഡൻ പ്രസിഡന്‍റായാൽ ഉണ്ടാകുമോ എന്നത് കാത്തിരുന്നു വേണം കാണാൻ.
എന്നാല്‍ കോവിഡ് മൂലമുള്ള പ്രതികൂല സാമ്പത്തിക സാഹചര്യത്തിൽ ഗൾഫ്, അമേരിക്ക കയറ്റിറക്കുമതിയിലും വർധനയാണുള്ളത്. സാമ്പത്തിക, നിക്ഷേപ മേഖലയിൽ ഗൾഫ് യു.എസ് സഹകരണം കൂടുതൽ വിപുലമാക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് തുടരുന്നതും.