സുരക്ഷാ മുൻകരുതൽ: ഒമാനിൽ ഡ്രോൺ പറത്തുന്നതിനുള്ള വിലക്ക് നീട്ടി
മസ്‌കത്ത്: മേഖലയിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് ഏർപ്പെടുത്തിയ ഡ്രോൺ വിലക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടി. വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ വ്യോമമേഖലയുടെ സുരക്ഷ നിലനിർത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും, ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിഎഎ ഓർമിപ്പിച്ചു.
സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാത്തരം ഡ്രോണുകൾക്കും ഈ നിരോധനം ബാധകമാണ്. ഇതിനുപുറമെ പാരാഗ്ലൈഡിങ്, പാരാമോട്ടോർ, മറ്റ് എയർ സ്പോർട്സ് വിനോദങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ഓരോ പൗരന്റെയും സ്ഥാപനങ്ങളുടെയും ദേശീയ ഉത്തരവാദിത്വമാണെന്നും, നിയമം കർശനമായി പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.