ഇസ്രായേലിന്റെ കിഴക്കന്‍ ജറുസലേം ഭവന പദ്ധതി: എതിര്‍പ്പുമായി സൗദി അറേബ്യ രംഗത്ത്
നടപടി അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും ഉടമ്പടിക്കും എതിരാണെന്നും സൗദി കുറ്റപ്പെടുത്തി.
കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ച കുടിയേറ്റ പദ്ധതിയെ അപലപിച്ച് സൗദി അറേബ്യ. ജറുസലേമില്‍ ആയിരത്തിലധികം ഭവനങ്ങളുടെ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയ ഇസ്രായേല്‍ നടപടിയില്‍ ആശങ്കയുള്ളതായി സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നടപടി അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും ഉടമ്പടിക്കും എതിരാണെന്നും സൗദി കുറ്റപ്പെടുത്തി. ഫല്‌സ്തീന് നേരെ ഇസ്രായേല്‍ തുടരുന്ന അധിനിവേശ നടപടികളെ സൗദി അറേബ്യ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജറുസലേമിന് സമീപം സെറ്റില്‍ മെന്റ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന ഇസ്രായേല്‍ നടപടിയില്‍ അതീവ ആശങ്കയള്ളതായും സൗദി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച സെറ്റില്‍മെന്റ് പദ്ധതി പ്രകാരമുള്ള 1257 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഇസ്രായേല്‍ കഴിഞ്ഞ ദിവസം കരാര്‍ നല്‍കിയത്. ഈ നടപടി അങ്ങേയറ്റം അപലപനിയവും അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് വിരുദ്ധവുമാണ്. നടപടി ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തും. ഒപ്പം മേഖലയിലെ സമാധാന ശ്രമങ്ങളെ ബാധിക്കുകയും ചെയ്യുമെന്നും സൗദി വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേല്‍ നീക്കത്തിനെതിരെ ഫലസ്തീനും യൂറോപ്യന്‍ യൂണിയനും, മറ്റു അറബ് രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്.