2025 നാലാം പാദം; സൗദി കെട്ടിട വാടക ഭൂവിലകളിൽ 0.7% ഇടിവ്
ഏറ്റവും കുറവ് വന്നത് ഹാഇൽ, മദീന, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ
റിയാദ്: 2025 നാലാം പാദത്തിൽ സൗദി അറേബ്യയിലെ കെട്ടിട വാടക ഭൂവിലകളിൽ 0.7% ഇടിവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) വെളിപ്പെടുത്തി. റെസിഡൻഷ്യൽ മേഖലയുടെ ഇടിവാണ് ഇതിന് പ്രധാന കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി. അപ്പാർട്ട്മെന്റ് വിലകളിൽ 2.5%, വില്ലകളുടെ വിലയിൽ 1.3%, റെസിഡൻഷ്യൽ ഫ്ലോർ വിലകൾ 0.2%, റെസിഡൻഷ്യൽ ഭൂമി വിലകൾ 2.4% എന്നിങ്ങനെയായിരുന്നു കുറഞ്ഞത്.
വാണിജ്യ മേഖലയിൽ നേരിയ ഇടിവ് തുടരുന്നുണ്ടെങ്കിലും വാർഷികമായി 3.6% വളർച്ച നിലനിർത്തിയിട്ടുണ്ട്. വാണിജ്യ ഭൂമി വിലകളിൽ 3.5% ഉയർന്നു. കെട്ടിട വിലകൾ 5.7%, ഷോറൂം വിലകൾ 1.2% എന്നിങ്ങനെ വർധനവും രേഖപ്പെടുത്തി. കാർഷിക മേഖലയിൽ വാർഷിക വളർച്ചാ നിരക്ക് 4.3% ആയി തുടരുന്നുണ്ടെങ്കിലും മൂന്നാം പാദത്തെ അപേക്ഷിച്ച് കുറവാണിത്.
മൂന്നാം പാദത്തിൽ വിലകളിൽ 1% വർധന രേഖപ്പെടുത്തിയ റിയാദ് നാലാം പാദമെത്തിയപ്പോൾ 3% ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹാഇൽ, മദീന, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്.