പ്രതിവർഷം 16 ലക്ഷം യാത്രക്കാർ; അൽ ജൗഫിന് പുതിയ വിമാനത്താവളം
16 ചെക്ഇൻ കൗണ്ടറുകൾ, 7 സ്മാർട്ട് ഗേറ്റുകൾ വിമാനത്താവളത്തിലുണ്ട്
ജിദ്ദ: സൗദിയിലെ അൽ ജൗഫിന് പുതിയ വിമാനത്താവളം സമർപ്പിച്ചു. പ്രതിവർഷം പതിനാറ് ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ വികസിപ്പിച്ചതാണ് പുതിയ വിമാനത്താവളം. സൗദിയിലെ പുരാതന ചരിത്ര പ്രദേശം ഉൾപ്പെടുന്നതാണ് അൽ ജൗഫ് പ്രവിശ്യ. ഇവിടെയുള്ള സകാകക്കും ദോമക്കും ഇടയിലാണ് പുതുക്കിയ അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് പുതിയ പാസഞ്ചർ ടെർമിനൽ. വിമാനത്താവളം ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ-ജാസറിന്റെ സാന്നിധ്യത്തിൽ ഗവർണർ പ്രിൻസ് ഫൈസൽ ബിൻ നവാഫ് ഉദ്ഘാടനം ചെയ്തു.
11 ഡിപ്പാർച്ചർ- അറൈവൽ ഗേറ്റുകൾ, 16 സ്മാർട്ട് ചെക്ക്-ഇൻ കൗണ്ടറുകൾ, 7 സ്മാർട്ട് ഗേറ്റുകൾ, 5 ഡ്യുവൽ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകൾ, 11 എയർബ്രിഡ്ജുകൾ എന്നിവ സേവനത്തിനുണ്ടാകും. ലോജിസ്റ്റിക്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് 470 മീറ്റർ നീളത്തിൽ ബാഗേജ് ബെൽറ്റുകളും ഉണ്ട്. കുട്ടികൾക്കുള്ള മിനി പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും പുതിയ വിമാനത്താവളത്തിൽ ലഭിക്കും. ഏഴ് റൂട്ടുകളിലാണ് ഇവിടെ നിന്നും നിലവിൽ അന്താരാഷ്ട്ര ഡൊമസ്റ്റിക് സർവീസുള്ളത്. സീസൺ സമയങ്ങളിൽ ഇത് വർധിക്കും.