സൗദിയില്‍ സ്വദേശി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു
മിനിമം വേതനം നല്‍കാത്ത സ്വദേശി ജീവനക്കാരെ നിതാഖാത്ത് വ്യവസ്ഥയുടെ സ്വദേശിവല്‍ക്കരണ അനുപാതത്തില്‍ പരിഗണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു. മിനിമം വേതനം മുവായിരം റിയാലില്‍ നിന്നും നാലായിരം റിയാലായാണ് വര്‍ധിപ്പിച്ചത്. മിനിമം വേതനം നല്‍കാത്ത സ്വദേശി ജീവനക്കാരെ നിതാഖാത്ത് വ്യവസ്ഥയുടെ സ്വദേശിവല്‍ക്കരണ അനുപാതത്തില്‍ പരിഗണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ മിനിമം ശമ്പളം നാലായിരം റിയാലായി ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍ അഥവ ഗോസിയില്‍ രജിസ്റ്റര്‍ ചെയത ശമ്പളം മിനിമം വേതനത്തിനും മുകളിലായിരിക്കണം. എങ്കില്‍ മാത്രമേ ജീവനക്കാരനെ നിതാഖാത്ത് വ്യവസ്ഥയിലെ സ്വദേശിവല്‍ക്കരണ അനുപാതത്തില്‍ പരിഗണിക്കുകയുള്ളുവെന്നും മന്ത്രി വിശദീകരിച്ചു.
നാലായിരത്തിന് താഴെ ശമ്പളമുള്ള സ്വദേശിയെ നിതാഖാത്തിലെ സ്വദേശി വല്‍ക്കരണത്തില്‍ പകുതിയായാണ് പരിഗണിക്കുക. ഇത് പാര്‍ട്ട് ടൈം ജീവനക്കാരനെ നിയമിക്കുന്നതിന് തുല്യമായിരിക്കും. നിലവില്‍ മൂവായിരം റിയാലാണ് സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം. മൂവായിരത്തിന് താഴെ വേതനമുള്ളവരെയാണ് നിലവില്‍ പകുതി സ്വദേശിയായി പരിഗണിച്ചു വരുന്നത്.