ജി20 ഉച്ചകോടിക്ക് റിയാദില്‍ പ്രൗഢോജ്വല തുടക്കം
ലോകത്തിലെ വൻശക്തികളടക്കം പത്തൊമ്പത് രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
കോവിഡിനെ മറികടക്കാനുള്ള ഐക്യം പ്രഖ്യാപിച്ച് ജി 20 ഉച്ചകോടിക്ക് സൗദിയിലെ റിയാദിൽ തുടക്കമായി. ലോകത്തിലെ വൻശക്തികളടക്കം പത്തൊമ്പത് രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സാമ്പത്തിക മാന്ദ്യം ശക്തമായ കാലത്ത് തുടങ്ങിയ ജി20 കൂട്ടായ്മക്ക് കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ഇച്ഛാ ശക്തിയുണ്ടെന്ന് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച സൽമാൻ രാജാവ് പറഞ്ഞു. കോവിഡ് മറികടക്കാനുള്ള കർമ പദ്ധതിയും ധനസഹായവും ഉച്ചകോടി പ്രഖ്യാപിക്കും.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പദ്ധതി, കോവിഡ് വാക്സിൻ കണ്ടെത്താനുള്ള സഹായം, അംഗ രാഷ്ട്രങ്ങളിലെ പ്രതിസന്ധി മറികടക്കൽ എന്നിവയിലൂന്നിയാണ് ജി20ൽ ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിനകം കോവിഡ് പ്രതിസന്ധി മറികടക്കാൻ പതിനൊന്ന് ട്രില്യൺ ഡോളർ ഉത്തേജന പാക്കേജായി ലോക വിപണിയിലേക്ക് ഇറക്കിയതായി ഉച്ചകോടിക്ക് തുടക്കം കുറിച്ചു കൊണ്ട് യോഗാധ്യക്ഷൻ സൽമാൻ രാജാവ് പറഞ്ഞു. "21 ബില്യൺ ഡോളർ സഹായമായി വേറെയും നൽകി. ലോകത്ത് കൂട്ടംകൂട്ടമായി ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെ അംഗ രാഷ്ട്രങ്ങൾ നേരത്തേയെടുത്ത വായ്പകൾ തിരിച്ചടക്കാനാകാത്ത സാഹചര്യമുണ്ടായി. ഇതിനാൽ അംഗ രാജ്യങ്ങളുടെ വായ്പാ തിരിച്ചടവിന് ആറു മാസം കൂടി അംഗ രാഷ്ട്രങ്ങൾക്ക് സാവകാശം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക സാധ്യതകൾ തിരിച്ചറിയുക എന്നതാണ് ഇത്തവണ ഉച്ചകോടിയുടെ പ്രമേയം. മാന്ദ്യം ശക്തമായ കാലത്ത് തുടങ്ങിയ ജി20 കൂട്ടായ്മക്ക് കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ഇച്ഛാ ശക്തിയുണ്ട്" സൽമാൻ രാജാവ് പറഞ്ഞു.
യുഎസ്, റഷ്യ, ബ്രിട്ടൺ, ജർമനി, ചൈന തുടങ്ങി 19 രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.