ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യുഎന്‍

ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥ നീക്കങ്ങളാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്ന് യുഎന്‍

Update: 2021-05-22 02:59 GMT

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടെറെസ്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള യുഎന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ വെടിനിര്‍ത്തലിന് പിന്നാലെ ഖത്തറിലെത്തി.

ഗസ്സയിലെ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്‍റെ പ്രതികരണം. ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും നിര്‍ണായക ഇടപെടലുകളും മധ്യസ്ഥ നീക്കങ്ങളുമാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗസ്സയെ എത്രയും പെട്ടെന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും പുനര്‍നിര്‍മ്മാണത്തിനും ആഗോള സമൂഹത്തിന്‍റെ പിന്തുണയും സഹായവുമുണ്ടാകണമെന്നും ഗുട്ടെറേസ് ആവശ്യപ്പെട്ടു.

Advertising
Advertising

പശ്ചിമേഷ്യന്‍ സമാധാനത്തിനായി നിയോഗിച്ച യുഎന്‍ പ്രത്യേക കോര്‍ഡിനേറ്റര്‍ ടോര്‍ വെന്നെസ്ലാന്‍റ് ഇതിന് പിന്നാലെ ദോഹയിലെത്തി. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഫലസ്തീനില്‍ ഏറ്റവും ഒടുവിലായി നടന്ന മുഴുവന്‍ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി യുഎന്‍ നടത്തിയ നീക്കങ്ങള്‍ക്ക് വിദേശകാര്യമന്ത്രി നന്ദിയര്‍പ്പിച്ചു.

1967ലെ അതിര്‍ത്തി കരാറിന്‍റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ സ്വതന്ത്ര്യരാജ്യം നിലവില്‍ വരല്‍, മസ്ജിദുല്‍ അഖ്സയില്‍ പലസ്തീനികളുടെ ആരാധനാ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തല്‍ തുടങ്ങിവയ്ക്കായി ഖത്തര്‍ തുടര്‍ന്നും നിലകൊള്ളുമെന്നും വിദേശകാര്യമന്ത്രി യുഎന്‍ കോര്‍ഡിനേറ്ററെ അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News