ബഹുരാഷ്ട്ര കുത്തകകൾക്ക് നികുതി ഏർപ്പെടുത്തൽ; ജി സെവൻ കരാർ സ്വാഗതം ചെയ്ത് സൗദി അറബ്യ
15 ശതമാനം നികുതി നൽകണമെന്നായിരുന്നു ജി സെവൻ രാജ്യങ്ങൾ കരാറിലൂടെ ഒപ്പുവെച്ചത്
ബഹുരാഷ്ട്ര കുത്തകകൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും നികുതി നൽകണമെന്ന ജി സെവൻ രാജ്യങ്ങളുടെ കരാർ സൗദി അറേബ്യ സ്വാഗതം ചെയ്തു. 15 ശതമാനം നികുതി നൽകണമെന്നായിരുന്നു ജി സെവൻ രാജ്യങ്ങൾ കരാറിലൂടെ ഒപ്പുവെച്ചത്. ജി 20 രാജ്യങ്ങൾ കൂടി പിന്തുണച്ചാൽ കന്പനികൾ നികുതി എല്ലാ രാജ്യങ്ങളിലും അടക്കേണ്ടി വരും.
നിലവിൽ ബഹുരാഷ്ട്ര കന്പനികൾ അവയുടെ ആസ്ഥാനം നിലകൊള്ളുന്ന ഇടങ്ങളിലാണ് നികുതിയടക്കുന്നത്. ഇതിന് പുറമെ ഇവർ പ്രവർത്തിക്കുകയും ലാഭം നേടുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും നികുതിയടക്കണമെന്ന കരാറാണ് ജി സെവൻ രാജ്യങ്ങൾ ഒപ്പുവെച്ചത്. ഇതോടെ ഫെയ്സ്ബ്ക്കും ആമസോണും ഉൾപ്പെടെയുള്ളവർ കൂടുതൽ നികുതിയടക്കേണ്ടി വരും.
കഴിഞ്ഞ ശനിയാഴ്ച ഒപ്പുവെച്ച കരാറിൽ യുഎസ്,യുകെ, ഫ്രാൻസ്, ജർമനി, കാനഡ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഒപ്പുവെച്ചു. ഇതോടെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ സാന്പത്തിക ഗുണം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ കരാറിനെയാണ് ജി20 അംഗ രാജ്യമായ സൗദി അറേബ്യ സ്വാഗതം ചെയ്തത്. അടുത്ത മാസം നടക്കുന്ന ജി20 മുന്നോടിയായുള്ള അംഗ രാജ്യങ്ങളുടെ യോഗത്തിൽ മറ്റു രാജ്യങ്ങളും ഈ കരാറിനെ പിന്താങ്ങിയേക്കും. കുറഞ്ഞ നികുതിയിലൂടെ ഭീമ ലാഭം നേടുന്ന കന്പനികൾ ഇതോടെ നികുതിയടക്കേണ്ടിയും വരും.