സൗദിയിൽ എണ്ണയിതര സാമ്പത്തിക പ്രവർത്തനങ്ങളിൽ വാർഷിക വളർച്ച കുതിക്കുന്നു
74-ൽ 5%ന് മുകളിൽ വളർച്ച, 38 എണ്ണത്തിൽ 10%ന് മുകളിലും വളർച്ച
റിയാദ്: സൗദിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 74 എണ്ണയിതര സാമ്പത്തിക പ്രവർത്തനങ്ങളിൽ വാർഷിക വളർച്ച 5%ന് മുകളിലായിരുന്നെന്ന് സൗദി സാമ്പത്തിക മന്ത്രി ഫൈസൽ ബിൽ ഫാദിൽ അൽ ഇബ്രാഹിം. 38 പ്രവർത്തനങ്ങളിൽ 10%ന് മുകളിലുള്ള വളർച്ചയും രേഖപ്പെടുത്തി. രാജ്യത്തിന്റെ ഉത്പാദനത്തിലുണ്ടായ യഥാർത്ഥ വിപുലീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിറ്റ്സർലാന്റിലെ ദാവോസിൽ എ സ്പിരിറ്റ് ഓഫ് ഡയലോഗ് എന്ന പ്രമേയത്തിൽ നടക്കുന്ന 56-ാമത് എക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയുടെ വിഷൻ 2030ന്റെ പരിവർത്തന അനുഭവവും ആഗോള സാമ്പത്തിക അജണ്ട രൂപപ്പെടുത്തുന്നതിലുള്ള നിർണായക പങ്കും 2026-ലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രതിഫലിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനായി പങ്കാളിത്ത സാമ്പത്തിക മാതൃകകൾ രൂപപ്പെടുത്തുന്നതിനാണ് ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ആഗോള സാമ്പത്തിക പരിവർത്തനം വേഗത്തിലാക്കാൻ ഡിജിറ്റൽ സൊല്യൂഷനുകളുടെയും കൃത്രിമ ബുദ്ധിയുടെയും വ്യാപക ഉപയോഗം, ഉത്പാദനക്ഷമത വർധിപ്പിക്കൽ, മനുഷ്യവിഭവ നിക്ഷേപം എന്നിവയിലൂടെ സഹകരണ മാതൃക ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.