ലേബര്‍ കേസുകള്‍ പരിഹരിക്കാന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സൗദി നീതിന്യായ മന്ത്രാലയം
തൊഴില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ എളുപ്പവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്
തൊഴില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും എളുപ്പത്തില്‍ തീര്‍പ്പു കൽപ്പിക്കുന്നതിനുമായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായി കൂടിയാണ് പുതിയ ആപ്ലിക്കേഷന്‍.
ലേബര്‍ കാല്‍ക്കുലേറ്റര്‍ എന്ന പേരിലാണ് മന്ത്രാലയം ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. തൊഴില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ എളുപ്പവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. തൊഴിലാളിയും തൊഴില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ എളുപ്പത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുക, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്നിവക്ക് ആപ്ലിക്കേഷന്‍ സഹായകരമാകും.
ലേബര്‍ കോടതികളിലെത്തുന്ന പ്രധാന കേസുകളായ തൊഴിലാളിയുടെ ശമ്പള കുടിശികയുമായി ബന്ധപ്പെട്ട പരാതികളും അവ കൃത്യപ്പെടുത്തുന്നതിനും അടക്കുന്നതിനുമുള്ള സംവിധാനം, തെഴിലാളിയുടെ സര്‍വീസ് തുക നിശ്ചയിക്കുന്നതിനും ഈടാക്കുന്നതിനുമുള്ള സംവിധാനം, ഓവര്‍ടൈം വേതനം നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കുന്നതിനുള്ള സംവിധാനം, വാര്‍ഷിക അവധിയും വേതനവും അനുവദിക്കുന്നത് സംബന്ധിച്ച പാരാതികള്‍ എന്നിവ എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തും. ഭാവിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ആപ്ലിക്കേഷനെ വിപുലപ്പെടുത്താനും പദ്ധതിയുള്ളതായി മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ ലേബര്‍ ഓഫീസുകളെ നീതിന്യായ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റി പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്.