ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ക്വാറന്‍റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി
തവക്കൽനാ ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ഇമ്മ്യൂൺ തിയ്യതി അവസാനിക്കുന്നതിന് മുമ്പായി സൗദിയിൽ തിരിച്ചെത്തിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ
ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ക്വാറന്‍റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. തവക്കൽനാ ആപ്പിൽ പ്രതിരോധശേഷി ആർജിച്ചതായി വ്യക്തമാക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. അതേസമയം ബഹ്റൈനിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സൗദിയിലേക്കുള്ള മടക്ക യാത്ര കൂടുതൽ പ്രതിസന്ധിയിലായി.
സൗദി അറേബ്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് വരാൻ ഇന്ത്യക്കാർക്ക് അനുമതിയുളളൂ. ഇതിനായി കൂടുതൽ ഇന്ത്യൻ പ്രവാസികളും ബഹ്റൈനായിരുന്നു ഇടത്താവളമായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ ജൂൺ 3 വരെ ബഹ്റൈനിലേക്ക് റസിഡന്റ് വിസയില്ലാത്തവർക്ക് പ്രവേശനാനുമതിയില്ല. ജൂൺ മൂന്നിന് ശേഷം ഇത് നീട്ടുമോ എന്നതും ഇപ്പോൾ വ്യക്തമല്ല. ഇതോടെ ഇന്ത്യൻ പ്രവാസികളുടെ സൗദിയിലേക്കുള്ള തിരിച്ച് വരവ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം സൗദിയിൽ നിന്ന് കോവിഡിന്റെ ഒരു ഡോസ് വാക്‌സിൻ മാത്രം സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കും സൗദിയിലേക്ക് തിരിച്ച് വരുമ്പോൾ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. എന്നാൽ തവക്കൽനാ ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ഇമ്മ്യൂൺ തിയ്യതി അവസാനിക്കുന്നതിന് മുമ്പായി സൗദിയിൽ തിരിച്ചെത്തിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. കൂടാതെ സൗദിയിൽ വെച്ച് കോവിഡ് ബാധിച്ച് ഭേദമായവർക്കും തവക്കൽനാ ആപ്പിലെ ഇമ്മ്യൂണ്‍ തിയ്യതിക്ക് മുമ്പായി സൗദിയിലേക്ക് തിരിച്ചെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. ബഹ്റൈനിൽ നിന്നോ മറ്റ് കരാതിർത്തികൾ വഴിയോ സൗദിയിലേക്ക് വരുന്ന വിദേശികൾക്കും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല. സൗദിയിൽ നിന്നും ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് നാട്ടിലേക്ക് പോയ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ പുതിയ അറിയിപ്പ്.
അതേസമയം ഒരു ഡോസ് വാക്‌സിനെടുത്തശേഷം ഇനി നാട്ടിലേക്ക് പോകാനിരിക്കുന്നവർ, തവക്കൽനാ ആപ്പിലെ സ്റ്റാറ്റസ് കടും പച്ച നിറത്തിലേക്ക് മാറിയതായും ഇമ്മ്യൂൺ തിയ്യതി കാണിക്കുന്നതായും ഉറപ്പ് വരുത്തേണ്ടതാണ്. കുത്തിവെപ്പെടുക്കാതെ ബഹ്റൈനിൽ നിന്നും റോഡ് വഴി വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു. ഇവർ വിമാനമാർഗ്ഗം സൗദിയിലെത്തി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണ്.