ഹജ്ജ് തീർത്ഥാടകരുടെ എണ്ണം തീരുമാനമായില്ല, അനുമതി വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

കോവിഡ് പശ്ചാതലത്തിൽ നടക്കുന്ന രണ്ടാമത്തെ ഹജ്ജാണ് അടുത്ത മാസം വരാനിരിക്കുന്നത്

Update: 2021-06-07 17:43 GMT
Editor : Roshin | By : Web Desk
Advertising

ഹജ്ജ് തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറക്ക് മാത്രമേ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകൂ. കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും പ്രതിരോധ ശേഷി ആർജ്ജിച്ചവർക്കും മാത്രമാണ് ഹജ്ജിന് അനുമതി ലഭിക്കുക.

കോവിഡ് പശ്ചാതലത്തിൽ നടക്കുന്ന രണ്ടാമത്തെ ഹജ്ജാണ് അടുത്ത മാസം വരാനിരിക്കുന്നത്. കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് കഴിഞ്ഞ വർഷം ആയിരം ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. കോവിഡിന് മുന്പ് 2019ൽ 25 ലക്ഷത്തോളം തീർത്ഥാടകരായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മക്കയിലെത്തി ഹജ്ജ് ചെയ്തിരുന്നത്. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാൽപത്തി അയ്യായിരത്തോളം തീർത്ഥാടകരുൾപ്പെടെ അറുപതിനായിരത്തോളം പേർക്ക് അനുമതി നൽകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് വരെ തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ സഹമന്ത്രി ഡോ.അബ്ദുൽ ഫതാഹ് അൽ മുശാത് പറഞ്ഞു.

സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണത്തിൽ വ്യത്യാസം ഉണ്ടായേക്കും. ഹജജുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. അതിന് ശേഷം മാത്രമേ തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി. ഹജ്ജ് വ്യവസ്ഥകൾ എല്ലാ രാജ്യക്കാർക്കും ബാധകമാണ്. ഹജ്ജ് ഏതെങ്കിലും പ്രത്യേക രാജ്യങ്ങളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ, കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ഹജ്ജിൽ നിന്ന് മാറ്റി നിര്‍ത്തുകയോ ഇല്ല. എന്നാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടി പ്രതിരോധശേഷി ആർജ്ജിച്ചവർക്കും മാത്രമേ ഹജ്ജിന് അനുമതി നൽകുകയുള്ളൂ. അതേ സമയം സൗദിയിൽ അംഗീകാരമില്ലാത്ത വാക്‌സിനുകൾ ഗൾഫ് രാജ്യങ്ങളുൾപ്പെടെ പല രാജ്യങ്ങളിലും നിലവിൽ വിതരണം ചെയ്ത് വരുന്നുണ്ട്. അത്തരം വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ഹജ്ജിന് അനുമതി നൽകുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News