ദുബൈക്ക് ഔദ്യോഗിക ക്രിപ്റ്റോകറൻസി ഇല്ല; പ്രചരിക്കുന്ന ദുബൈ കോയിന് ഒരു അംഗീകാരവുമില്ലെന്ന് ദുബൈ സർക്കാർ

കഴിഞ്ഞദിവസമാണ് ദുബൈ സർക്കാർ ദുബൈ കോയിൻ എന്ന പേരിൽ ഔദ്യോഗിക ക്രിപ്റ്റോ കറൻസി പുറത്തിറക്കി എന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ തന്നെ വ്യാപകമായി പ്രചരിച്ചത്

Update: 2021-05-28 02:19 GMT
Editor : Roshin | By : Web Desk
Advertising

ദുബൈയുടെ ഔദ്യോഗിക ക്രിപ്റ്റോകറൻസി എന്ന പേരിൽ പ്രചരിക്കുന്ന ദുബൈ കോയിന് ഒരു അംഗീകാരവുമില്ലെന്ന് ദുബൈ സർക്കാർ. ഇത് വിറ്റഴിക്കുന്ന വെബ്സൈറ്റ് സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന പിഷിങ് സൈറ്റാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈക്ക് നിലവിൽ ഔദ്യോഗിക ക്രിപ്റ്റോകറൻസി ഇല്ലെന്ന് സർക്കാർ വിശദീകരിച്ചു.

സൈബർ ലോകത്ത് നിക്ഷേപം നടത്തി സ്വന്തമാക്കാൻ കഴിയുന്ന ഡിജിറ്റൽ സ്വത്തിനെയാണ് ക്രിപ്റ്റോ കറൻസി എന്ന് വിളിക്കുന്നത്. കഴിഞ്ഞദിവസമാണ് ദുബൈ സർക്കാർ ദുബൈ കോയിൻ എന്ന പേരിൽ ഔദ്യോഗിക ക്രിപ്റ്റോ കറൻസി പുറത്തിറക്കി എന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ തന്നെ വ്യാപകമായി പ്രചരിച്ചത്. എന്നാൽ, വാർത്തകളിൽ പരാമർശിക്കുന്ന അറേബ്യൻ ചെയിൻ ടെക്നോളജി എന്ന കമ്പനി തന്നെ ഇത് നിഷേധിച്ച് രംഗത്ത് വന്നു. തങ്ങൾ ഇത്തരമൊരു പ്രഖ്യാപനം തങ്ങൾ നടത്തിയിട്ടില്ല എന്ന് കമ്പനി വിശദീകരിച്ചു.

തൊട്ടുപിന്നാലെ ദുബൈ മീഡിയ ഓഫീസും വാർത്ത നിഷേധിച്ചു. ഒപ്പം ഈ കറൻസി വിൽക്കുന്ന http://dub-pay.com/ എന്ന വെബ്സൈറ്റ് വ്യാജനാണെന്നും വിവരങ്ങൾ ചോർത്തുന്ന പിഷിങ് സൈറ്റാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, ക്രിപ്റ്റോകറൻസി വിപണനം നടക്കുന്ന സൈറ്റുകളിൽ ആദ്യദിനം വൻചലനമാണ് ദുബൈ കോയിൻ സൃഷ്ടിച്ചത്. 0.17 ഡോളറിന് വിൽപനക്ക് എത്തിയ ദുബൈ കോയിന്റെ വില നിമിഷങ്ങൾക്കകം 1,114 ശതമാനം വളർന്നു. വിവാദമായതോടെ പല സൈറ്റുകളും ട്രേഡിങ് ലിസ്റ്റിൽ നിന്ന് ദുബൈ കോയിനെ ഒഴിവാക്കിയിട്ടുണ്ട്. വിവാദ വെബ്സൈറ്റും യു എ ഇയിൽ ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ട നിലയിലാണ്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News