കുവൈത്തിൽ വിവിധ നിയമലംഘനങ്ങളിൽ അറസ്റ്റിലായ 10,000 ത്തോളം പ്രവാസികളെ നാടുകടത്തി

നിയമം ലംഘിക്കുന്ന മസാജ് സെന്റർ നടത്തിപ്പുകാർ, മത്സ്യത്തൊഴിലാളികൾ, സ്ക്രാപ്പ് തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന നടത്തിയത്

Update: 2023-03-29 19:23 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ 10,000 ത്തോളം പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയവരെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.

രാജ്യത്തെ അവിദഗ്ധ തൊഴിലാളികളെയും, വിസ വ്യാപാരികളെയും, അനധികൃത താമസക്കാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കമ്മിറ്റിയുടെ നീക്കങ്ങളുടെ ഭാഗമായാണ് പ്രവാസികളെ നാട് കടത്തിയത്. നിയമം ലംഘിക്കുന്ന മസാജ് സെന്റർ നടത്തിപ്പുകാർ, മത്സ്യത്തൊഴിലാളികൾ, സ്ക്രാപ്പ് തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന നടത്തിയത്. തൊഴിൽ വിപണിയിൽ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് പരിശോധന സംഘം അറിയിച്ചു. നിർമ്മാണം, കൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകും. വ്യാജ ഏജൻസികൾ ചില രാജ്യക്കാർക്ക് 2,000 ദിനാറിന് വിസകൾ വിൽക്കുന്നതായും ഇത്തരം വ്യാജ കമ്പനികളിൽ ചിലതിനെ പിടികൂടിയതായും സമിതി അറിയിച്ചു.അതേസമയം, രാജ്യത്ത് പ്രവേശിക്കുന്ന പുതിയ തൊഴിലാളികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News