അൽ വജ്ഹ് വിമാനത്താവള വികസനം; എല്ലാ സർവീസുകളും നിർത്തിവെക്കുന്നതായി സൗദി എയർലൈൻസ്

റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസുകൾ മാറ്റുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.

Update: 2023-10-16 19:28 GMT

ജിദ്ദ: സൗദിയിലെ അൽ വജ്ഹ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവെക്കുന്നതായി സൗദി എയർലൈൻസ് അറിയിച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസുകൾ മാറ്റുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ടിക്കറ്റെടുത്തിട്ടുള്ള യാത്രക്കാർക്ക് പുതിയ ടിക്കറ്റുകളോ പണമോ നൽകുന്നതാണെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി.

ഈ മാസം 29 മുതൽ അൽ വജ്ഹ് വിമാനത്താവളത്തിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ സർവീസുകളും സൗദി എയർലൈൻസ് റദ്ദാക്കിയത്. യാത്ര റദ്ദാക്കുന്നവർക്ക് പണം തിരിച്ച് നൽകുമെന്നും വിമാന കമ്പനി അറിയിച്ചു. ഇതിന് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളോ പ്രത്യേക ഫീസോ ഉണ്ടാകില്ല. 

Advertising
Advertising

റെഡ് സീ ഇന്റർനാഷണൽ കമ്പനിക്കാണ് അൽ-വാജ്ഹ് വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ചുമതല. അൽ-വാജ് വിമാനത്താവളത്തിനും റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിനുമിടയിൽ അതിഥികളെ കൊണ്ടുപോകുന്നതിന് സൗജന്യ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അൽ വജ്ഹ് വിമാനത്താവളത്തിലെ നിലവിലെ ടെർമിനലും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനൊപ്പം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും റെഡ് സീ ഇന്റർനാഷണൽ കമ്പനി അറിയിച്ചു

കഴിഞ്ഞ ദിവസം സൗദിയിലെ ആദ്യത്തെ സീ പ്ലെയിൻ സർവീസും റെഡ് സീ ഇന്റർനാഷണൽ കമ്പനിക്ക് കീഴിൽ ആരംഭിച്ചിരുന്നു. വികസനം പൂർത്തിയാകുന്നതോടെ അൽ വജ്ഹ് വിമാനത്താവളം "അമാല" എന്ന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കൂടാതെ സീ പ്ലെയിൻ സർവീസ് നടത്തുന്ന ഫ്ലൈ റെഡ് സീ യുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പുതിയ ഒരു പ്ലാറ്റ് ഫോമായി അൽ വജ്ഹ് വിമാനത്താവളം മാറുമെന്നും റെഡ് സീ ഇന്റർനാഷണൽ കമ്പനി പ്രതീക്ഷിക്കുന്നു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News