നിയമവിരുദ്ധ പണമിടപാട് നടത്തുന്നവർക്ക് താക്കീതായി പലിശവിരുദ്ധ ജനകീയ സംഗമം

Update: 2022-11-27 08:08 GMT
Advertising

ബഹ്‌റൈനിൽ പലിശവിരുദ്ധ ജനകീയ സംഗമം നടത്തി. സംഗമം സാധാരണക്കാരായ പ്രവാസികളുടെ നിസഹായാവസ്ഥ ചൂഷണം ചെയ്യുന്ന കൊള്ളപ്പലിശക്കാർക്കെതിരെയുള്ള താക്കീതായി മാറി.

ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക്‌ചെക്ക് ബുക്കുകളും പാസ്‌പോർട്ടും കൈക്കലാക്കി പ്രവാസിയുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലും സാധ്യമാകാത്ത രീതിയിൽ പലരെയും കെണിയിലകപ്പെടുത്തിയ പലിശസംഘങ്ങൾക്കെതിരെയായിരുന്നു സംഗമം.

വ്യാജ രേഖകൾ ഉണ്ടാക്കിയും ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രേഖകളിൽ ഒപ്പ് ശേഖരിച്ചും ഇത് കോടതിയിൽ നൽകി ഇരകളെ ജയിലിലും ജീവിതകാലം മുഴുവൻ പ്രവാസത്തിലും തളച്ചിടുന്ന ചൂഷകരായ മലയാളികൾ ഉൾപ്പെടുന്ന പലിശക്കാർക്കെതിരെയുള്ള ചെറുത്തുനിൽപ് ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി. ഇത്തരക്കാർക്കെതിരെ പോരാട്ടത്തിൽ സാമൂഹിക പ്രതിബദ്ധയുള്ള മുഴുവൻ മനുഷ്യ സ്‌നേഹികളും ഒരുമിച്ചു മുന്നോട്ട് പോവണമെന്നും പലിശ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു.

അത്യാവശ്യ കാര്യങ്ങൾക്കായി മിനിമം പലിശക്ക് പണം കടമെടുത്തവർ മുതലും പലിശയുമടക്കം നാലും അഞ്ചുമിരട്ടി മടക്കി നൽകിയിട്ടും പിന്നെയും പണത്തിനായി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഇരകളാക്കപ്പെട്ടവർ സദസിനു മുന്നിൽ തുറന്നു പറഞ്ഞു.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ഐ.സി.ആർ.എഫ് മുഖേന ഇന്ത്യൻ എംബസി വഴി പരിഹാരം കാണാൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പലിശ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷനായി. സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവൻ സംഘടനകളുടെയും പിന്തുണയോടെ പലിശ വിരുദ്ധ സമിതിയുടെ ജനകീയ സംഗമങ്ങളും ബോധവൽക്കരണ സെമിനാറുകളും ബഹ്‌റൈനിന്റെ എല്ലാ ഭാഗത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ കൂടിയായ അഡ്വ. വി.കെ തോമസ് നിയമ ബോധവൽക്കരണ പ്രഭാഷണവും സദസ്യരുടെ അന്വേഷണങ്ങൾക്ക് മറുപടിയും നൽകി. ഐമാക്ക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ആശംസകൾ നേർന്നു.

ബഹറൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ അഡ്വ. മാധവൻ കല്ലത്ത്, പങ്കജ് നെല്ലൂർ, ഷാഫി പറക്കട്ട, ശ്രീധർ തേറമ്പിൽ, ഷാജി കാർത്തികേയൻ, ബിനു കുന്നന്താനം, ബദറുദ്ദീൻ പൂവാർ, അബൂബക്കർ ഹാജി, നവാസ് കുണ്ടറ, അഷ്‌കർ പൂഴിത്തല, രാമത്ത് ഹരിദാസ്, കമാൽ മുഹിയുദ്ധീൻ, നൗഷാദ് അമ്മാനത്ത്, ലത്തീഫ് കോളിക്കൽ, സിനു കക്കട്ടിൽ, അനീഷ്, വിനു ക്രിസ്റ്റി, സുഹൈൽ, ചന്ദ്രബോസ്, സുധി പുത്തൻവേലിക്കര, ഷാഫി ബഹ്റൈൻ വാർത്ത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

പലിശ വിരുദ്ധ ജനകീയ സമിതി ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും ബിനു കുന്നന്താനം നന്ദിയും പറഞ്ഞു. യോഗാനന്ദ് കഷ്മിക്കണ്ടി, ഷിബു പത്തനംതിട്ട, അനസ് റഹീം, മണിക്കുട്ടൻ, ഷാജി മൂതല, മനോജ് വടകര, ബദറുദ്ദീൻ പൂവാർ, സിബിൻ സലീം, അഷ്‌കർ പൂഴിത്തല എന്നിവർ നേതൃത്വം നൽകി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News