ബഹ്റൈനില്‍ സ്വന്തം ശമ്പളം മൂന്ന് തവണ വര്‍ധിപ്പിച്ച മുന്‍ ജീവനക്കാരന് ഏഴ് വര്‍ഷം തടവ്

ശമ്പളം നല്‍കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്റെ അധികാരം പ്രതി സ്വന്തം ശമ്പളംതന്നെ മൂന്ന് തവണ വര്‍ദ്ധിപ്പച്ച് ദുരുപയോഗം ചെയ്യുകയായിരുന്നു

Update: 2022-01-02 07:41 GMT
Advertising

വലിയ പെന്‍ഷന്‍ വേതനം ഉറപ്പാക്കാനായി ശമ്പളം നല്‍കുന്ന ജോലി ദുരുപയോഗം ചെയ്തതിനും നിയമവിരുദ്ധമായി സ്വന്തം ശമ്പളം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുന്‍ സിവില്‍ ഉദ്യോഗസ്ഥനെതിരേ ബഹ്റൈന്‍ ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം തടവും 15,000 ദിനാര്‍ പിഴയും വിധിച്ചു.

ഒരു പരിശീലന സ്ഥാപനത്തില്‍ ഒറ്റത്തവണ ജീവനക്കാരനായ പ്രതിയെ 2008ല്‍ 1,950 ദിനാര്‍ പ്രതിമാസ ശമ്പളത്തിനാണ് നിയമിച്ചത്. പിന്നീട് ഇയാള്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയും വ്യാജ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ കരാറിലൂടെ തന്റെ മാസ ശമ്പളം 2,100 ദിനാറായും ഒരു വര്‍ഷത്തിനുശേഷം 2,774 ദിനാറായും ഉയര്‍ത്തുകയായിരുന്നു.

ജോലിയില്‍നിന്ന് നീക്കിയിട്ടും, അദ്ദേഹം തന്റെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് തന്റെ ശമ്പളം വീണ്ടും 3,300 ദിനാറായി ഉയര്‍ത്തിയിരുന്നു. വലിയ പെന്‍ഷന്‍ വേതനം ഉറപ്പാക്കാനായാണ് പ്രതി ഇതെല്ലാം ചെയ്തത്.

സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്റെ വെബ്സൈറ്റില്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കലും അവരുടെ ശമ്പളം പുതുക്കലുമെല്ലാം പ്രതിയുടെ ഉത്തരവാദിത്തമായിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സി തുറന്നുകാട്ടി. നിയമവിരുദ്ധമായി റിട്ടയര്‍മെന്റ് സ്‌റ്റൈപ്പന്‍ഡായി 15,000 ദിനാര്‍ ഇയാള്‍ നേടിയെടുത്തതായി ഔദ്യോഗിക ഇന്‍ഷുറന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News