ബഹ്റൈൻ കേരളീയ സമാജം കെ.ജി ബാബുരാജനെ ആദരിക്കുന്നു

Update: 2022-12-21 11:46 GMT
Advertising

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും ഗൾഫ് മേഖലയിലെ വ്യവസായ പ്രമുഖനുമായ കെ.ജി ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിക്കുന്നു. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് കെ.ജി ബാബുരാജൻ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വ്യവസായ മേഖലയിൽ ശ്രദ്ധേയമായ വിജയവും ജീവകാരുണ്യ-സാമൂഹിക രംഗങ്ങളിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഇന്ത്യൻ സർക്കാർ 2021ലെ പ്രവാസി ഭാരതീയ പുരസ്‌കാരം നൽകി ബാബുരാജനെ ആദരിച്ചത്.



ഡിസംബർ 23ന് വൈകിട്ട് ആറിന് സമാജം ജൂബിലി ഹാളിൽ നടക്കുന്ന ആദരിക്കൽ ചടങ്ങ് അവിസ്മരണീയമാക്കാൻ വിപുലമായ തയാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ എൻ.കെ പ്രേമചന്ദ്രൻ, രമേശ് ചെന്നിത്തല, ജി. സുധാകരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ അനുമോദന പ്രസംഗം നിർവഹിക്കും. തുടർന്ന് മ്യൂസിക് ഡാൻസ് ഫ്യൂഷൻ 'ധൂം ധലാക്ക സീസൺ 4' വേദിയിൽ അരങ്ങേറും.

തെന്നിന്ത്യയിലെ പ്രമുഖ സിനിമ താരം സ്വാസികയുടെ നൃത്തപ്രകടനം, സീ കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, മഴവിൽ മനോരമയിലൂടെ ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോർ, കീ ബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രൻ എന്നിവർക്കൊപ്പം ബഹ്റൈനിലെ 300ൽപരം കലാകാരന്മാർ അവതരിപ്പിക്കുന്ന നോൺസ്റ്റോപ് വിനോദ പരിപാടിയാണ് ധൂം ധലാക്ക സീസൺ 4.

എന്റർടെയ്ൻമെന്റ് വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ധൂം ധലാക്ക കൺവീനർ ദേവൻ പാലോട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുടെ പരിശീലനങ്ങൾ രണ്ടു മാസത്തോളമായി നടന്നുവരുകയാണെന്ന് പി.വി രാധാകൃഷ്ണ പിള്ളയും വർഗീസ് കാരക്കലും പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദിലീഷ് കുമാർ, മനോജ് ഉത്തമൻ, ദേവൻ പാലോട്, റിയാസ് എന്നിവരും പങ്കെടുത്തു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News