Writer - razinabdulazeez
razinab@321
മനാമ: ബഹ്റൈനിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവാസികളുടെ നിയമനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പാർലമെൻ്റ് നിർദേശം ശൂറാ കൗൺസിൽ തള്ളിയതിനെതിരെ എം.പിമാർ രംഗത്ത്. സ്വദേശി പൗരന്മാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന് ഈ പരിഷ്കരണം അനിവാര്യമാണെന്നാണ് പാർലമെൻ്റ് അംഗങ്ങളുടെ നിലപാട്.
സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 11-ൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതി പ്രകാരം, ഒരു പ്രവാസി തൊഴിലാളിയെ നിയമിക്കുന്നതിന് മുമ്പ് യോഗ്യനായ ബഹ്‌റൈൻ ഉദ്യോഗാർഥി ഇല്ലെന്ന് മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഉറപ്പാക്കേണ്ടതുണ്ട്. മിനിമം യോഗ്യതയായി ബിരുദാനന്തര ബിരുദം,10 വർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളും പ്രവാസി ഉദ്യോഗാർഥിക്ക് ഉണ്ടായിരിക്കണം. ഇതിനുപുറമേ കരാറടിസ്ഥാനത്തിൽ ഒരു സ്വദേശി ജീവനക്കാരന് പ്രവാസി തൊഴിലാളി പരിശീലനവും നൽകണം.
രാജ്യത്തെ സർക്കാർ ജോലികളിൽ പ്രഥമ പരിഗണന ബഹ്‌റൈൻ പൗരന്മാർക്കായിരിക്കണം. യോഗ്യതയുള്ള പൗരന്മാർക്ക് സർക്കാർ ജോലികൾ ലഭിച്ച ശേഷം മാത്രമേ വിദേശികളെ നിയമിക്കാൻ പാടുള്ളു. ഇക്കാര്യം ഉറപ്പാക്കുകയാണ് നിർദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാർലമെൻ്റ് നിയമകാര്യ സമിതി ചെയർമാനായ എം.പി മഹ്മൂദ് ഫർദാൻ പറഞ്ഞു.