'ഇൻസ്പയർ' എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

Update: 2022-12-11 10:54 GMT
Advertising

ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ്റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന എക്‌സിബിഷന്റെ പോസ്റ്റർ പ്രകാശനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു.

പ്രവാസികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ നടത്താനും ഏകോപിപ്പിക്കാനും ഏറെ സ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യമാണ് ബഹ്റൈനെന്ന് ഡോ. ഹുസൈൻ മടവൂർ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരികത്തനിമയും പാരമ്പര്യവും ഇത്തരം എക്സിബിഷനിലൂടെ ജനങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. സമൂഹത്തെ പിടികൂടിയ തിന്മകൾക്കെതിരെയുള്ള ബോധവത്കരണവും ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എക്‌സിബിഷൻ അൽ അഹ്‌ലി ക്ലബിൽ പ്രത്യേകം തയാറാക്കിയ പവിലിയനിൽവെച്ചാണ് നടക്കുക.

ബഹ്റൈൻ-അറബ് സാംസ്‌കാരിക തനിമയെ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് നാലു ദിവസം നീണ്ടുനിൽക്കുന്ന എക്‌സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകളാണ് എക്സിബിഷനിൽ ഒരുക്കുക.

എക്‌സിബിഷൻ ദിവസങ്ങളിൽ വിവിധ മൾട്ടി സ്‌പെഷലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ഭക്ഷ്യമേള, ബൗൺസി കാസിൽ, ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ, പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, ചർച്ചാസദസ്സുകൾ എന്നിവയും നടക്കും.

പോസ്റ്റർ പ്രകാശന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് എം.എം സുബൈർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ അനീസ്, ജാസിം, നൂറ, മുഹമ്മദ് അഷ്റഫ് ഷരീഫ്, ഫ്രൻഡ്‌സ് കേന്ദ്ര സമിതി അംഗം സി. ഖാലിദ് എന്നിവർ സംസാരിച്ചു.

റിഫ ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ്, എക്സിബിഷൻ പ്രൊഡക്ഷൻ ഡയരക്ടർ അബ്ദുല്ല, വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, കേന്ദ്ര സമിതി അംഗങ്ങളായ റഷീദ സുബൈർ, സലീന ജമാൽ, ഷബീഹ ഫൈസൽ, അസ്‌റ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News