ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ വർക് പെർമിറ്റിന് പരിധി നിശ്ചയിക്കണമെന്ന നിർദേശം തള്ളി ശൂറാ കൗൺസിൽ
നിയന്ത്രണമേർപ്പെടുത്തിയാൽ തൊഴിൽ വിപണിയെ നേരിട്ട് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്
മനാമ: ബഹ്റൈനിൽ പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ ദേശീയ പരിധി നിശ്ചയിക്കണമെന്ന പാർലമെന്റ് നിർദേശം തള്ളി ശൂറാ കൗൺസിൽ. വർക് പെർമിറ്റിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ബഹ്റൈനിലെ തൊഴിൽ വിപണിയെ അത് നേരിട്ട് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം ശൂറാ കൗൺസിൽ തള്ളിയത്. നിയമം നടപ്പിലായാൽ ബഹ്റൈനിലെ നിക്ഷേപകരുടെ വിശ്വാസം ദുർബലപ്പെടുകയും തൊഴിലാളികൾ അനധികൃത തൊഴിലിലേക്ക് തിരിയുകയും ചെയ്യുമെന്നും ശൂറാ കൗൺസിൽ വിലയിരുത്തി.
2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമത്തിലെ ആർട്ടിക്കിൾ നാല് ഭേദഗതി ചെയ്യാനുള്ള നിർദേശമാണ് തള്ളിയിരിക്കുന്നത്. എല്ലാ മേഖലകളിലും അനുവദിക്കുന്ന പെർമിറ്റുകൾക്ക് കർശനമായ പരിധി നിശ്ചയിക്കാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ നിർബന്ധിതമാക്കുന്നതായിരുന്നു ഭേദഗതി. എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തിയ ശൂറാ കൗൺസിൽ ഐക്യകണ്ഠമായി നിയമഭേദഗതി സംബന്ധിച്ച നിർദേശം തള്ളുകയായിരുന്നു.
പെർമിറ്റിന് പരിധി നിശ്ചയിക്കുന്നതിലൂടെ സ്വദേശി പൗരന്മാരുടെ തൊഴിൽ വർധിപ്പിക്കുന്നതിന് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്ന് തൊഴിൽ മന്ത്രാലയവും വിലയിരുത്തി. ബഹ്റൈനിൽ ക്വാട്ട അടിസ്ഥാനമാക്കിയുള്ള സംവിധാനമല്ല പ്രവർത്തിക്കുന്നതെന്നും ഓരോ വാണിജ്യ രജിസ്ട്രേഷനും ബിസിനസ് പ്രവർത്തനത്തിനും അനുസരിച്ച് ഇതിനകം പരിധികൾ നിശ്ചയിക്കുന്നുണ്ടെന്നും എൽഎംആർഎ ചീഫ് എക്സിക്യൂട്ടീവ് നിബ്രാസ് താലിബ് വ്യക്തമാക്കി.