'ഇൻസ്പയർ' ഇൻഡോ-അറബ് കൾച്ചറൽ എക്‌സിബിഷൻ വ്യാഴാഴ്ച ആരംഭിക്കും

പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും

Update: 2022-12-13 14:49 GMT
Advertising

അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളുമായി ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അവതരിപ്പിക്കുന്ന 'ഇൻസ്പയർ' ഇൻഡോ-അറബ് കൾച്ചറൽ എക്‌സിബിഷന് വ്യാഴാഴ്ച തുടക്കമാവും. സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബിൽ പ്രത്യേകം തയാറാക്കിയ വിശാലമായ പവലിയനിൽ ബഹ്റൈൻ-അറബ് സാംസ്‌കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഇതിലൂടെ പവിഴദ്വീപിനെ കുറിച്ചും അതിന്റെ സാംസ്‌കാരികത്തനിമയെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കും.

ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്റാനിയുടെ രക്ഷാധികാരത്തിൽ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന എക്‌സിബിഷന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴം വൈകിട്ട് ഏഴിന് നടക്കും. ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകളാണ് ഒരുക്കുക.

ബഹ്റൈന്റെ സാംസ്‌കാരിക പൈതൃകങ്ങളിൽ ഏറെ പ്രാധാന്യമുള്ള മുത്തുകളുമായി ബന്ധപ്പെട്ട സ്റ്റാളാണ് എക്‌സിബിഷൻ ഹാളിലേക്ക് കയറിവരുന്ന കാണികളെ ആദ്യമായി രവേൽക്കുക. തുടർന്ന് അറബിക് കാലിഗ്രഫി, പ്രപഞ്ചോൽപത്തി, മനുഷ്യോൽപത്തി, തുടങ്ങിയ സ്റ്റാളുകളാണ് ഉണ്ടാവുക.

പ്രവാസികളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണ സ്റ്റാളുകളിൽ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, പലിശ, ഭ്രൂണഹത്യ, അഴിമതി, ധൂർത്ത്, ചൂതാട്ടം തുടങ്ങിയവയുടെ കെടുതികൾ അനാവരണം ചെയ്യുന്ന സ്റ്റാളുകളും ഒരുക്കും. കൂടാതെ കുടുംബം, കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ, പരിസ്ഥിതി, സദാചാരം, മനുഷ്യന്റെ നിസ്സഹായാവസ്ഥ, ആത്മീയ ചൂഷണങ്ങൾ തുടങ്ങിയ സ്റ്റാളുകളും തയ്യാറാവുന്നുണ്ട്. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വളണ്ടിയർമാരും ടീൻസ് ഇന്ത്യ പ്രവർത്തകരും സ്റ്റാളുകളിലെ വിഷയങ്ങൾ കാണികൾക്ക് വിശദീകരിച്ചു കൊടുക്കും.

എക്‌സിബിഷൻ ദിവസങ്ങളിൽ വിവിധ മൾട്ടി സ്‌പെഷ്യലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള രസകരകമായ കളിമൂലകൾ, നാടൻ വിഭവങ്ങളുൾപ്പെടെയുള്ള ഭക്ഷ്യമേള, ബൌൺസി കാസിൽ, ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ, പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, ചർച്ചാ സദസുകൾ എന്നിവയും നടക്കും.

കോൺവെക്‌സ് ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും. എക്‌സിബിഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പുരോഗതി കഴിഞ്ഞ ദിവസം ഫ്രന്റ്സ് നേതാക്കൾ ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്റാനിയുമായും കാപിറ്റൽ ചാരിറ്റി ഭാരവാഹികളുമായും ചർച്ച ചെയ്തു വിലയിരുത്തി.

എക്‌സിബിഷൻ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ കാപിറ്റൽ ചാരിറ്റി അസോസിയേഷൻ സെക്രട്ടറി ജാസിം അലി ജാസിം സബ്ത് , ഡയറക്ടർ ബോർഡ് മെമ്പർ മുഹമ്മദ് ഖലീഫ അൽ ദോസരി, ഫ്രന്റ്സ് ആക്ടിങ് പ്രസിഡന്റ് എം.എം സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജനറൽ സെക്രട്ടറി എം.അബ്ബാസ്, എക്‌സിബിഷൻ പ്രൊഡക്ഷൻ കൺട്രോളർ സാജിർ ഇരിക്കൂർ, ജനറൽ കൺവീനർ മുഹമ്മദ് മുഹ്‌യുദ്ദീൻ, കണ്ടന്റ് ഡയരക്ടർ അബ്ദുൽ ഹഖ്, പ്രൊഡക്ഷൻ ഡയരക്ടർ എ. ഷക്കീർ അലി തുടങ്ങിയവർ പങ്കെടുത്തു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News