മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ നാട്ടിലേക്ക് യാത്രയായി

Update: 2023-10-09 20:21 GMT
Advertising

മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് യാത്രയായി. കോട്ടയം സ്വദേശികളായ ദമ്പതികളെയാണ് പ്രവാസി ലീഗൽ സെല്ലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയച്ചത്.

നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും, അപകടത്തിൽ പരിക്ക് പറ്റിയ ഭാര്യയുടെ ചികിത്സക്ക് ചിലവായ ഭീമമായ തുകക്ക് വേണ്ടി വിൽക്കുകയും ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹറൈനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊണ്ട് വരികയായിരുന്നു. ഏക സഹോദരിയെ വിസിറ്റ് വിസ എടുത്തു കൊണ്ട് വന്നു അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്തു.

തുടർന്ന് അമ്മയെ വിസിറ്റ് വിസയിൽ ഇവിടെ കൊണ്ട് വരികയായിരുന്നു. പ്രതീക്ഷിച്ച പോലെ ബിസിനസ് ഇല്ലാതിരിക്കുകയും കടയുടെ ചിലവുകൾക്കും പണിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയിൽ എത്തിയിരുന്നു. കടം കൂടി സ്ഥാപനം പൂട്ടേണ്ടിയും വന്നു .

സമ്പാദ്യം നഷ്ടപെട്ട് വഴിമുട്ടി നിന്ന ഇവരുടെ മകൻ നാട്ടിലേക്കും പോയി. തുടർന്ന് മകന്റെ കൂട്ടുകാർ വന്നു വീട്ടിൽ ഉണ്ടായിരുന്ന എസിയും വാഷിങ് മെഷീനും ഫ്രിഡ്ജ്, ബെഡ് തുടങ്ങിയ സാധനങ്ങൾ മകൻ പറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ട് പോയതാും ഇവർ പറയുന്നു.

ബാഗിൽ ഉണ്ടായിരുന്ന അമ്മയുടെ പാസ്പോർട്ടും 5000 രൂപയും നഷ്ടപ്പെട്ട് യാത്രയും മുടങ്ങുകയായിരുന്നു. തുടർന്ന്  ഔട്ട്‌ പാസ് എടുപ്പിക്കാൻ വേണ്ടി മകന്റെ സുഹൃത്ത് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒ സുധീർ തിരുനിലത്തിൻ്റെ സഹായത്തോടെ ആവശ്യമായ നടപടികൾ ചെയ്തു. അതിനിടയിൽ മകന്റെ സുഹൃത്തും ഇവരെ പറ്റിച്ചതായി പറുന്നു. ഭക്ഷണം പോലും കഴിക്കാൻ മാർഗ്ഗം ഇല്ലാതായ അവർ സുമനസുകളുടെ സഹായത്തോടെയാണ് ഭക്ഷണം കഴിച്ചിരുന്നത്.

മുഹറഖ് മലയാളി സമാജം ഇവർക്കുള്ള എമിഗ്രേഷൻ ഫൈൻ അടക്കാനും നാട്ടിൽ പോയാൽ താമസിക്കാൻ ഇടമില്ലാത്ത ഇവർക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു. ഇന്നലെ രാവിലെ 11.30ക്കുള്ള വിമാനത്തിൽ അവർ നാട്ടിലേക്ക് യാത്രയായി.

എംഎംഎസ് രക്ഷധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം,അബ്ദുൽ റഹുമാൻ കാസർകോട്, മൻഷീർ കൊണ്ടോട്ടി, മുജീബ് വെളിയങ്കോട്, രതീഷ് രവി, പ്രമോദ് കുമാർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News