ഇനി തണുപ്പിന്റെ വരവാണ്; ബഹ്റൈനിൽ ഡിസംബർ 21ന് ശൈത്യകാലം ആരംഭിക്കും
റമദാൻ പൂർണമായും ശൈത്യകാലത്തായിരിക്കും
മനാമ: ബഹ്റൈൻ ഇനി കൂടുതൽ തണുപ്പിലേക്ക്. ഈ വർഷത്തെ ശൈത്യകാലത്തിന് ഡിസംബർ 21 ഞായറാഴ്ചയോടെ തുടക്കമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ഇസ്‍ലാമിക കലണ്ടർ അനുസരിച്ച് റജബ് മാസം തുടങ്ങുന്ന അതേ ദിവസമായിരിക്കും ഔദ്യോഗികമായി ബഹ്റൈനിൽ ഇത്തവണ ശൈത്യകാലവും ആരംഭിക്കുക.
ഇസ്‍ലാം മത വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്ന പുണ്യമാസമായ റമദാൻ പൂർണമായും ശൈത്യകാലത്തായിരിക്കും. ശേഷം മാർച്ച് അവസാനത്തോടെ ശവ്വാൽ ആരംഭിക്കുകയും രാജ്യത്ത് ശൈത്യകാലം അവസാനിക്കുകയും വസന്തത്തിന് തുടക്കമാവുകയും ചെയ്യും. കണക്കുകൾ പ്രകാരം ഡിസംബർ 21 ബഹ്‌റൈൻ സമയം വൈകുന്നേരം 6.03നാണ് ശൈത്യകാലം തുടങ്ങുക. ഈ വർഷത്തെ ഏറ്റവും സമയം കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയുമായിരിക്കും അന്ന് അനുഭവപ്പെടുക.
എന്നാൽ ഔദ്യോഗിക ശൈത്യകാലത്തിലേക്ക് കടക്കുംമുമ്പ് തന്നെ രാജ്യത്തെ കാലാവസ്ഥ തണുപ്പിലേക്ക് വഴിമാറിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയുടെ കൂടി പശ്ചാത്തലത്തിലാണ് തണുപ്പ് പെട്ടെന്ന് എത്തിയത്. നേരത്തേ മൂന്ന് മാസം നീണ്ടുനിന്ന കടുത്ത വേനൽ സെപ്തംബർ 22നാണ് രാജ്യത്ത് അവസാനിച്ചത്. അതിനുശേഷം ശരത്കാലത്തിലേക്ക് കടന്നെങ്കിലും കാലാവസ്ഥയിൽ പ്രകടമായ മാറ്റം സംഭവിക്കുന്നത് ഈ മാസം അവസാനത്തെടെയാണ്.