ദുബൈ എക്‌സ്‌പോ 2020 കേരള പവലിയന്‍ ഫെബ്രു.4ന് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരള പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന 'കേരള വീക്കി'ല്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്പ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും

Update: 2022-01-31 08:05 GMT

എക്‌സ്‌പോ 2020യിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ-വ്യവസായ മന്ത്രി പി.രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കേരള ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായം) എ.പി.എം മുഹമ്മദ് ഹനീഷ്, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

കേരള പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന 'കേരള വീക്കി'ല്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്പ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കുന്നതാണ്.

Advertising
Advertising

സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിംഗ്‌സ് ബിസിനസ്, കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കുന്നതാണ്. പ്രവാസികളുടെ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ നോര്‍ക വകുപ്പ് നല്‍കുന്നതാണ്. കേരളാടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ യുഎഇയില്‍ നിന്നുള്ള നിക്ഷേപകരുമായി ഐടി & സ്റ്റാര്‍ട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാര്‍ട്ടപ്പുകളുടെ വിജയ ഗാഥകള്‍ പങ്കിടുകയും ചെയ്യും. കാരവന്‍ ടൂറിസം, എക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കുന്നതാണ്. വ്യാപാര-ബിസിനസ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും ബിസിനസ് മീറ്റിംഗുകള്‍ക്കും സൗകര്യവുമുണ്ടാകുന്നതാണ്.

കേരള വീക്കിലെ പ്രധാന പരിപാടികള്‍

*മുഖ്യമന്ത്രി പിണറായി വിജയനും നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവും ഫെബ്രുവരി 5ന് രാവിലെ 11ന് ദുബായ് ഒബ്‌റോയ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കും.

*മുഖ്യമന്ത്രി പിണറായി വിജയന് നോര്‍ക റൂട്ട്‌സ് ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ ഒരുക്കുന്ന 'സ്‌നേഹപൂര്‍വം സാരഥിക്ക്' സ്വീകരണം ഫെബ്രുവരി 5ന് വൈകുന്നേരം 6 മണിക്ക് ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്റില്‍.

*വേള്‍ഡ് എക്‌സ്‌പോയിലെ കേരള പവലിയനില്‍ ഫെബ്രുവരി 7ന് സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍.

*ദേര ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഫെബ്രുവരി 8ന് വൈകുന്നേരം 6 മണിക്ക് ഒഡേപെക് എപ്ലോയേഴ്സ് കണക്റ്റിവിറ്റി സെഷന്‍.

*കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ ദുബൈ കോണ്‍റാഡ് ഹോട്ടലില്‍ ഫെബ്രുവരി 9ന് വൈകുന്നേരം 6.30ന് കേരള വിനോദ സഞ്ചാര ബോധവത്കരണ സെഷന്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News