ഹജ്ജ് 2026: സ്വകാര്യ ഗ്രൂപ്പുകൾക്ക് സീറ്റ് വിഹിതം പ്രഖ്യാപിച്ചു, കേരളത്തിന് 6753 സീറ്റുകൾ

സ്വകാര്യ ഗ്രൂപ്പുകൾക്കായി ആകെ 52,507 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്

Update: 2025-08-27 16:46 GMT
Editor : Thameem CP | By : Web Desk

PHOTO/SPECIAL ARRANGEMENT

സംസ്ഥാനത്തെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുള്ള സീറ്റുകൾ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. കഴിഞ്ഞ വർഷം അവസാന നിമിഷമുണ്ടായ പ്രതിസന്ധിയിൽ നിരവധി പേർക്ക് അവസരം നഷ്ടപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ നേരത്തെയുള്ള നീക്കം. ഇന്ത്യയിൽ നിന്ന് അരലക്ഷത്തിലേറെ തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജിനെത്തുമെന്നാണ് പ്രതീക്ഷ.

സൗദി അറേബ്യ ഇന്ത്യക്കുള്ള ഔദ്യോഗിക ഹജ്ജ് ക്വാട്ട ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ ഈ നീക്കം. സ്വകാര്യ ഗ്രൂപ്പുകൾക്കായി ആകെ 52,507 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 6,753 സീറ്റുകൾ കേരളത്തിലെ 109 സ്വകാര്യ ഗ്രൂപ്പുകൾക്കായി ലഭിക്കും.

Advertising
Advertising

നേരത്തെ, കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഒരു ലക്ഷം തീർഥാടകർക്ക് അവസരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 8,530 പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ വർഷം സ്വകാര്യ ഗ്രൂപ്പുകൾ വഴി രജിസ്റ്റർ ചെയ്തവരിൽ 80 ശതമാനം പേർക്കും യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. സൗദി ഹജ്ജ് നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതിനാൽ, വിവരങ്ങൾ സമയബന്ധിതമായി നൽകേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള സീറ്റ് പ്രഖ്യാപനം ഇതിന് കൂടുതൽ സഹായകമാകും.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്ക് അനുവദിച്ചിരുന്നത് 1,75,025 സീറ്റുകളാണ്. ഈ വർഷവും ഇതേ ക്വാട്ട ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ സീറ്റുകൾ വിഭജിച്ച് നൽകുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News