മത്സ്യബന്ധന മേഖലയിൽ നേട്ടവുമായി കുവൈത്ത്

ഈ മാസം ആദ്യ 22 ദിവസങ്ങളിൽ 777 ടൺ മത്സ്യം വിപണിയിലെത്തി

Update: 2025-08-24 16:42 GMT

കുവൈത്ത് സിറ്റി: മത്സ്യബന്ധന മേഖലയിൽ നേട്ടവുമായി കുവൈത്ത്. രാജ്യത്തെ വിപണികളിൽ ഈ മാസം ആദ്യ 22 ദിവസങ്ങളിൽ 777 ടൺ മത്സ്യം വിപണിയിലെത്തി. ഇതിൽ 387 ടൺ പ്രാദേശികവും 390 ടൺ ഇറക്കുമതി മത്സ്യവുമാണ്. സീസൺ ആരംഭിച്ചതോടെ രാജ്യത്ത് ചെമ്മീനും സുലഭമായി ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 273 ടൺ ചെമ്മീൻ ലഭിച്ചതായി യൂണിയൻ പറഞ്ഞു.

നിലവിൽ 'ഉം നൈറ' ചെമ്മീൻ കൊട്ടക്ക് 50 മുതൽ 60 ദിനാർ വരെയും 'സുബൈദി'ക്ക് 40 മുതൽ 130 ദിനാർ വരെയും, 'ഹമൂർ' 20 മുതൽ 37 വരെയുമാണ് വിപണിയിലെ വില.

അതിനിടെ മത്സ്യബന്ധന രീതികൾ നവീകരിക്കണമെന്നും കുവൈത്ത് ബേയിൽ മത്സ്യബന്ധനം പുനരാരംഭിക്കണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറി ജനറൽ ബറാക് അൽ സുബൈ ആവശ്യപ്പെട്ടു.

Advertising
Advertising

പബ്ലിക് അതോറിറ്റി ഫോർ ഫിഷറീസ് കഴിഞ്ഞ മാസം ടാറിഡ് ബോട്ടുകളുടെ നീളം 12 മീറ്ററായി ഉയർത്താൻ അനുമതി നൽകിയിരുന്നു. നിലവിൽ രാജ്യത്തെ മത്സ്യബന്ധന കപ്പലുകളുടെ പകുതിയോളം ടാറിഡ് ബോട്ടുകളാണ്.

ചെമ്മീൻ സീസൺ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ഗുണകരമാണെന്നും പ്രാദേശിക വിപണിയിൽ മത്സ്യവില കുറയ്ക്കാൻ ഇത് സഹായിച്ചതായും യൂണിയൻ അറിയിച്ചു.

സമുദ്ര ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവുമായി മത്സ്യബന്ധന മേഖല മുന്നോട്ട് പോകുമെന്നും സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ പ്രാദേശിക ജലാശയങ്ങളിൽ മത്സ്യബന്ധനം പുനരാരംഭിക്കുമ്പോൾ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News