കുവൈത്തിലെ തൊഴിൽ വിപണിയിൽ ഇന്ത്യക്കാർ ഒന്നാമത്
കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചത് 4,300ലധികം ഇന്ത്യൻ തൊഴിലാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവാസികളുടെ എണ്ണത്തിൽ വർധനവ്. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളിൽ ഏറ്റവും വലിയ തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ. ഈ വര്‍ഷം ആദ്യ പാദത്തില്‍ 15,000ത്തിലധികം തൊഴിലാളികളാണ് കുവൈത്ത് ലേബർ മാർക്കറ്റിലേക്കെത്തിയത്.
സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിൽ മേഖലയില്‍ 5.78 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഗാർഹിക തൊഴിലാളികളൊഴികെ കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 22 ലക്ഷത്തിലധികമായി. ഇതിൽ 17.8 ലക്ഷം പ്രവാസികളും 4.48 ലക്ഷം സ്വദേശി പൗരന്മാരുമാണ്.
കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 4,300ത്തിലധികം വർധിച്ചു. 4.69 ലക്ഷം തൊഴിലാളികളുമായി ഈജിപ്തുകാർ രണ്ടാമതും, 4.48 ലക്ഷം തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാമതുമാണ്. 2025-ലെ ആദ്യ പകുതിയിൽ മാത്രം 15,500ത്തിലധികം തൊഴിലാളികളുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതില്‍ ഭൂരിപക്ഷവും പ്രവാസി തൊഴിലാളികളാണ് , സ്വദേശി പൗരന്മാരുടെ എണ്ണം 669ഓളം കുറഞ്ഞു.
സ്വദേശി പൗരന്മാരിൽ 73 ശതമാനത്തിലധികം പേർ സർക്കാർ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഒരു കുവൈത്ത് പൗരന്റെ ശരാശരി പ്രതിമാസ ശമ്പളം 1,571 ദിനാറാണ്. സർക്കാർ മേഖലയിലുള്ളവർക്ക് ശരാശരി 1,605 ദിനാറും, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 1,401 ദിനാറുമാണ് ലഭിക്കുന്നത്. വിദേശ തൊഴിലാളികളിൽ ഇന്ത്യൻ തൊഴിലാളികളുടെ ആധിപത്യം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.