പതിനൊന്നര ലക്ഷത്തോളം വിദേശികളുടെ ഇഖാമ റദ്ദാക്കി; ഭൂരിപക്ഷവും സ്വന്തം തീരുമാന പ്രകാരം

രാജ്യത്ത് പുതുതായി എത്തുന്ന വിദേശികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി.

Update: 2023-05-01 16:52 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് വര്‍ഷത്തിനിടെ പതിനൊന്നര ലക്ഷത്തോളം വിദേശികൾക്ക് റെസിഡന്റ്സ് പെർമിറ്റ് റദ്ദാക്കി. ഇഖാമ റദ്ദാക്കിയവരില്‍ ഭൂരിപക്ഷവും സ്വന്തം തീരുമാന പ്രകാരമാണെന്നാണ് റിപ്പോർട്ട്.

2021 ജനുവരി ഒന്ന് മുതല്‍ ഇതുവരെയുള്ള കണക്കാണിത്. അറബ്- ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇഖാമ നഷ്ടമായവരില്‍ കൂടുതലും. സ്വന്തം താല്‍പ്പര്യ പ്രകാരവും തൊഴില്‍ നഷ്ടം മൂലം പ്രവാസം മതിയാക്കി മടങ്ങിയവരും വിവിധ കേസുകളില്‍ നാട് കടത്തപ്പെട്ടവരും ഉള്‍പ്പടെയുള്ള കണക്കാണിത്.

2021ൽ രണ്ട് ലക്ഷത്തോളം പ്രവാസികളാണ് രാജ്യം വിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവരില്‍ ഭൂരിഭാഗവും വീട്ടുജോലിക്കാരാണ്. അതേസമയം രാജ്യത്ത് പുതുതായി എത്തുന്ന വിദേശികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി. 2022ല്‍ 65,000 പ്രവാസികള്‍ രാജ്യത്ത് വര്‍ക്ക് വിസയില്‍ പ്രവേശിച്ചതായും സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ, മാതൃരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായി ഓണ്‍ലൈനായി ഇഖാമ പുതുക്കുവാനുള്ള സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും വലിയൊരു ശതമാനം ആളുകള്‍ക്കും ഇത് പ്രയോജനപ്പെടുത്തുവാന്‍ ആയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 60 വയസ് കഴിഞ്ഞ ബിരുദമില്ലാത്തവര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന തീരുമാനവും നിരവധി പേര്‍ പ്രവാസം മതിയാക്കി മടങ്ങുന്നതിനു കാരണമായി.

9,65,774 പേരുമായി ഇന്ത്യക്കാരാണ് കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. 6,55,234 പേരുമായി ഈജിപ്തുകാര്‍ രണ്ടാം സ്ഥാനത്തും ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യക്കാര്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News