ഇറാൻ-ഇസ്രായേൽ യുദ്ധം: കുവൈത്തിൽ 112 ലേക്ക് പ്രാങ്ക് കോൾ വിളിച്ച കുട്ടി അറസ്റ്റിൽ

കുവൈത്തിലെ അടിയന്തര ഹോട്ട്ലൈനാണ് 112

Update: 2025-06-17 07:16 GMT

കുവൈത്തിലെ അടിയന്തര ഹോട്ട്ലൈൻ (112) മനഃപൂർവ്വം ദുരുപയോഗം ചെയ്ത് അധികൃതർക്ക് അനാവശ്യ തടസ്സം സൃഷ്ടിച്ചതിന് പ്രായപൂർത്തിയാകാത്തയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തിക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സുഹൃത്തുക്കളെ രസിപ്പിക്കാൻ കുട്ടി ഓപ്പറേഷൻസ് റൂമിലേക്ക് വ്യാജ കോൾ ചെയ്യുകയായിരുന്നുവെന്നാണ് അറബ് ടൈംസ് റിപ്പോർട്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു ഫോൺവിളി. കോൾ വീഡിയോയിൽ റെക്കോർഡുചെയ്ത് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു. എന്നാൽ നിർണായക അടിയന്തര സേവനം ദുരുപയോഗിച്ചത് ഗുരുതര നിയമലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം സേവനങ്ങളുടെ ദുരുപയോഗം സുരക്ഷാ, രക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യഥാർത്ഥ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങൾ വൈകിപ്പിക്കുന്നതിലൂടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തമാശക്കോ സോഷ്യൽ മീഡിയ ഉള്ളടക്കത്തിനായോ അടിയന്തര ഹോട്ട്ലൈനുകൾ ഉപയോഗിക്കരുതെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിക്കുകയും അടിയന്തര പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും കർശന നിയമപ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പൗരന്മാരെ ഓർമിപ്പിക്കുകയും ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News