കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു
ഷെയ്ഖ് അഹമദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ മന്ത്രിസഭയാണ് നിലവിൽ വന്നത്.
കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. ഷെയ്ഖ് അഹമദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ മന്ത്രിസഭയാണ് നിലവിൽ വന്നത്. കുവൈത്തിന്‍റെ 60 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 44-ാമത് മന്ത്രിസഭയാണ് അധികാരമേറ്റത്. പ്രധാനമന്ത്രിയും പുതിയ സർക്കാറിലെ അംഗങ്ങളും ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് മുമ്പാകെ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ചൊവ്വാഴ്ച നടക്കും.
മുൻ മന്ത്രിമാരിൽ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് പുതിയ മന്ത്രിസഭ. മുൻ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരെയും നിലനിർത്തിയിട്ടുണ്ട്. ആറു പേർ പുതുതായി മന്ത്രിസഭയിൽ എത്തി. ശൈഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ് ഒന്നാം ഉപപ്രധാനമന്ത്രി പദവിയോടെ ആഭ്യന്തര മന്ത്രിയും,അഹ്മദ് ഫഹദ് അൽ അഹമ്മദ് അൽ സബാഹ് ഉപപ്രധാനമന്ത്രി പദവിയോടെ പ്രതിരോധ മന്ത്രിയുമാകും.
ഡോ. ഖാലിദ് അലി മുഹമ്മദ് അൽ-ഫദേലിനും, ഇസ്സ അഹമ്മദ് മുഹമ്മദ് അൽ-കന്ദരിക്കും,ഡോ. സ'അദ് ഹമദ് നാസർ അൽ ബറാക്കിനും ഉപപ്രധാനമന്ത്രി സ്ഥാനമുണ്ട്. ദീർഘ കാലമായി ഒഴിഞ്ഞു കിടന്നു പ്രതിരോധ വകുപ്പിൽ ഭരണ കുടുംബത്തിൽ നിന്നും പുതിയ മന്ത്രിയെ നിയമിച്ചതാണ് വലിയ മാറ്റം. കഴിഞ്ഞ മന്ത്രിസഭയിൽ സാമൂഹിക കാര്യമന്ത്രിയും വനിത-ശിശു വികസന സഹമന്ത്രിയുമായിരുന്ന മായി അൽ ബാഗ്ലിക്ക് സഥാനം നഷ്ടമായി. ഇതോടെ മന്ത്രിസഭയിലെ വനിതകളുടെ എണ്ണം ഒന്നായി ചുരുങ്ങി.
ഡോ.അമാനി ബുക്കാമസ് മാത്രമാണ് പുതിയ മന്ത്രിസഭയിലെ വനിത. പാർലമെന്‍റിന്‍റെ കാലാവധി നാലു വർഷമാണെങ്കിലും അതിനിടയിൽ ഒട്ടേറെ മന്ത്രിസഭകൾ അധികാരത്തിൽ വരുന്നതാണ് കുവൈത്തിലെ ചരിത്രം. 1962 ജനുവരി 17നാണ് കുവൈത്തിൽ ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത്.