കുവൈത്തിലെ സുരക്ഷാ പരിശോധന; സബാഹ് അൽ അഹ്‌മദിൽ 1850 നിയമലംഘകർ പിടിയിൽ
1844 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ-അഹ്‌മദ് മറൈൻ ഏരിയയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 1800 ലേറെ നിയമലംഘകരെ പിടികൂടി. ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് യൂസുഫ് അസ്വബാഹിന്റെ കീഴിൽ വിവിധയിടങ്ങളിലാണ് പരിശോധനാ കാമ്പയിനുകൾ നടക്കുന്നത്. പൊതുസുരക്ഷാ ഡയറക്ടറേറ്റ് തലവൻ ജനറൽ ഹമദ് അൽ മുനിഫിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ.
കാമ്പയിനിന്റെ ഭാഗമായി 1844 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ നിരോധിത ലഹരി ഉത്പന്നങ്ങൾ കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. താമസ,തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് മൂന്ന് പേരാണ് പിടിയിലായത്. തിരിച്ചറിയൽ രേഖയില്ലാത്ത മൂന്ന് പേരെയും ഹാജരാകാത്ത അഞ്ച് പേരെയും അറസ്റ്റ് വാറണ്ടുള്ള അഞ്ച് പേരെയും അധികൃതർ പിടികൂടി. നിയമലംഘകർക്ക് പുറമെ 6 വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും അധികാരികൾ പിടിച്ചെടുത്തു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാമ്പയിൻ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.