ജി.സി.സി റെയിൽവേ 2030ഓടെ പൂർത്തിയാക്കാനൊരുങ്ങി കുവൈത്ത്

ജി.സി.സിയിൽ ആകെ 2,217 കിലോമീറ്റർ നീളമുള്ള റെയിൽപ്പാതയാണ് പദ്ധതിയിടുന്നത്

Update: 2024-05-24 11:59 GMT
Advertising

കുവൈത്ത് സിറ്റി:ജി.സി.സി (ഗൾഫ് കോർഡിനേഷൻ കൗൺസിൽ) റെയിൽവേ 2030ഓടെ പൂർത്തിയാക്കാനൊരുങ്ങി കുവൈത്ത്. 2030ഓടെ പദ്ധതിയുടെ കുവൈത്തിലെ ഭാഗം പൂർത്തിയാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (പാർട്ട്) ഡയറക്ടർ ജനറൽ ഖാലിദ് അൽ ഉസൈമിയാണ് പറഞ്ഞത്. പദ്ധതിയുടെ കുവൈത്തിലെ നടത്തിപ്പ് ചുമതല വഹിക്കുന്ന വിഭാഗമാണ് 'പാർട്ട്'.

കുവൈത്ത് മുതൽ സൗദി വരെയും പിന്നീട് ബഹ്റൈനിലേക്കും ഖത്തറിലേക്കും നീളുന്ന 2,217 കിലോമീറ്റർ നീളമുള്ള റെയിൽപ്പാതയാണ് പദ്ധതിയിടുന്നത്. ജിസിസി റെയിൽവേ സൗദി അറേബ്യയിൽ നിന്ന് അബൂദബി, അൽ ഐൻ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കും വ്യാപിച്ചതായി ജിസിസി സെക്രട്ടേറിയറ്റ് ജനറൽ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. കുവൈത്തിൽ റെയിൽവേയുടെ ആദ്യ ഭാഗം തെക്കൻ കുവൈത്തിലെ അതിർത്തി പട്ടണമായ അൽ നുവൈസീബ് മുതൽ അൽ ഷെദാദിയ വരെ നീളുന്നതാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക.

മേഖലയിലെ പാൻ-ജിസിസി സാമ്പത്തിക സംയോജനവും സുസ്ഥിര വികസനവും വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണ് ജിസിസി റെയിൽവേ. ഗൾഫിന്റെ തന്ത്രപ്രധാനമായ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കുവൈത്ത് വാണിജ്യത്തിന്റെയും ഗതാഗതത്തിന്റെയും ഒരു പ്രാദേശിക കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ്. റെയിൽവേ വരുന്നതോടെ വൻ ചരക്കുനീക്കവും യാത്രക്കാരുമുണ്ടാകുമെന്ന പ്രവചനം തങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

നിയുക്ത ജി.സി.സി റെയിൽവേ, കടപ്പാട് അറബ് ടൈംസ് ഓൺലൈൻ.കോം

 

ജിസിസി റെയിൽവേയുടെ തുടക്കം

2009ൽ ബഹ്റൈനിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ആറ് ജിസിസി അംഗരാജ്യങ്ങളെ നെറ്റ്വർക്ക് വഴി ബന്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളോടെയാണ് ഈ മെഗാ പ്രോജക്റ്റ് ആദ്യമായി അവതരിപ്പിച്ചത്. സംഘത്തിന്റെ വ്യാപാര ഏകീകരണ തന്ത്രത്തിന് അനുസൃതമായി ജിസിസി പ്രദേശത്തെ വാണിജ്യം, പൗരന്മാരുടെ സഞ്ചാരം, സംയുക്ത സംരംഭങ്ങളെ പിന്തുണയ്ക്കൽ എന്നിവ സുഗമമാക്കുകയാണ് ലക്ഷ്യം. റോഡ് നവീകരണ ചെലവ് വെട്ടിക്കുറയ്ക്കാനും കാറുകളും ട്രക്കുകളും കുറയുന്നതിനനുസരിച്ച് ഇന്ധന മലിനീകരണം കുറയ്ക്കാനും പദ്ധതിയിലൂടെ പ്രതീക്ഷിക്കപ്പെടുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റെയിൽ ശൃംഖല കടന്നുപോകുന്നയിടങ്ങളിൽ പുതിയ നഗരപ്രദേശങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുവൈത്തിലെ പ്രവർത്തനം എവിടെയെത്തി?

പഠനങ്ങൾ നടത്തുന്നതിനും സംരംഭം നടപ്പാക്കുന്നതിനുമായി പങ്കാളിത്ത പദ്ധതികൾക്കായുള്ള അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് 'പാർട്ട്' ഡയറക്ടർ ജനറൽ ഖാലിദ് അൽ ഉസൈമി പറഞ്ഞതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പദ്ധതിക്കായി 2012ൽ സാധ്യതാ പഠനം നടത്തുകയും 2016ൽ അത് പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് റെയിൽവേ പദ്ധതി നടപ്പാക്കാൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പദ്ധതി രൂപകൽപന ചെയ്യാനുള്ള നിർദേശം നൽകുന്നതിന് നിരവധി അന്താരാഷ്ട്ര കൺസൾട്ടൻസി സ്ഥാപനങ്ങൾ രംഗത്ത് വന്നിരുന്നു. ഇവരുടെ ലേലങ്ങൾ പരിശോധിച്ച് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറുകൾക്ക് കൈമാറിയെന്നും ഖാലിദ് അൽ ഉസൈമി വ്യക്തമാക്കി. ലേലങ്ങൾ പരിശോധിക്കുന്നതിന് 12 മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷം പദ്ധതിയുടെ നടത്തിപ്പിനായി അതോറിറ്റി ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകും.

ജിസിസി രാജ്യങ്ങളിലെ റെയിൽവേ പ്രവൃത്തികൾ

യുഎഇയിൽ, സൗദി അറേബ്യയുടെ അതിർത്തികളിലേക്കുള്ള റെയിൽവേയുടെ നിർമാണം പൂർത്തിയായി. അബൂദബിയെ ഒമാനുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാത രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന പദ്ധതി വിജയകരമാണെന്ന് ഗൾഫാർ എഞ്ചിനീയറിംഗ് കമ്പനി ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ബില്യൺ ഡോളർ ചെലവിലാണ് നിർമാണം.

അൽ ഹഫീത് റെയിൽ ജിസിസി റെയിൽവേ ശൃംഖലയ്ക്ക് പൂരകമാണെന്നും ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക ലയനത്തിന് സംഭാവന നൽകുമെന്നും ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ അൽ മസ്‌റൂയിയെ ഉദ്ധരിച്ച് യുഎഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ, ഗൾഫ് റെയിൽവേയുടെ ആഭ്യന്തര വിഭാഗത്തിന്റെ രൂപരേഖകൾ അധികൃതർ പൂർത്തിയാക്കി, സൗദി അറേബ്യയിലെത്തുന്ന പാലത്തിൽ റെയിലിന്റെ ഒരു ഭാഗം നിർമിക്കുമെന്ന് ബഹ്റൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഗൾഫ് റെയിൽവേ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഷബ്റാമി കുവൈത്ത് സന്ദർശിച്ച് രാജ്യത്തെ റെയിൽവേയുടെ ഭാഗത്തെ എക്സിക്യൂട്ടീവ് പ്ലാനുകൾ പരിശോധിച്ചിരുന്നു.

റിയാദ്-കുവൈത്ത് ട്രെയിൻ

കുവൈത്തിനും റിയാദിനും ഇടയിൽ റെയിൽവേ സ്ഥാപിക്കാൻ 2023 ജൂൺ നാലിന് കുവൈത്തും സൗദി അറേബ്യയും സമ്മതിച്ചിരുന്നു. അതിവേഗ ട്രെയിൻ ഏകദേശം രണ്ടര മണിക്കൂറിനുള്ളിൽ പ്രദേശങ്ങൾക്കിടയിൽ സഞ്ചരിക്കുമെന്നാണ് കണക്കുകൂട്ടൽ. കുവൈത്ത്-സൗദി പദ്ധതിയുടെ പഠനം ആരംഭിച്ചതായി കുവൈത്ത് ഗവൺമെൻറ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ, കുവൈത്ത്- റിയാദ് നഗരങ്ങൾക്കിടയിൽ ചരക്കുനീക്കവും യാത്രാ ഗതാഗതവും സുഗമമാകുമെന്ന് അജിലിറ്റി സിഇഒ താരീഖ് അൽ സുൽത്താൻ കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു. മേഖലയിലെ ജോർദാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ജിസിസി റെയിൽവേ ശൃംഖല വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News