ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തു; നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 2,730 കുവൈത്ത് ദിനാർ നഷ്ടപ്പെട്ടു
പരാതി നൽകി കുവൈത്ത് പൗര
കുവൈത്ത് സിറ്റി: ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനെ തുടർന്ന് തന്റെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും എല്ലാം നഷ്ടപ്പെട്ടതായി പരാതി നൽകി കുവൈത്ത് പൗര. നാല് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 2,730 കുവൈത്ത് ദിനാർ അജ്ഞാത തട്ടിപ്പുകാരൻ തട്ടിയെടുത്തതായാണ് പരാതി. ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ ബാങ്ക് തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൈബർ മോഷണത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ കേസ് കൊമേഴ്സ്യൽ അഫയേഴ്സ് പ്രോസിക്യൂഷനും ഇലക്ട്രോണിക് ഇൻവെസ്റ്റിഗേഷൻസ് വകുപ്പിനും കൈമാറി. 57കാരിയായ കുവൈത്ത് വനിത സാദ് അൽഅബ്ദുല്ലയാണ് തട്ടിപ്പിന് ഇരയായതെന്ന് സുരക്ഷാ സ്രോതസ്സുകൾ പറയുന്നു.
ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് തനിക്ക് കോൾ ലഭിച്ചതായി സ്ത്രീ പൊലീസിനോട് പറഞ്ഞു. വിളിച്ചയാൾ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമിൽ തനിക്ക് അക്കൗണ്ട് ഉണ്ടെന്ന് വ്യാജമായി അവകാശപ്പെടുകയും ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. ഇത് ചെയ്തയുടൻ തന്റെ എല്ലാ അക്കൗണ്ടുകളിൽ നിന്നും ഫണ്ട് പിൻവലിച്ചതായി കണ്ടെത്തിയെന്നും അവർ പറഞ്ഞു. തട്ടിപ്പുകാരന് ഇവരുടെ ബാങ്കിംഗ് ക്രെഡൻഷ്യലുകളിലേക്ക് അനധികൃത ആക്സസ് എങ്ങനെ ലഭിച്ചുവെന്ന് അധികൃതർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
അജ്ഞാത കോളർമാരുമായോ സന്ദേശങ്ങളുമായോ ഇടപെടുമ്പോൾ, പ്രത്യേകിച്ച് പരിചിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നവരുമായോ അല്ലെങ്കിൽ സോഷ്യൽ മീഡിയ അല്ലെങ്കിൽ മെസേജിംഗ് പ്ലാറ്റ്ഫോമുകൾ വഴി പങ്കിടുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള പൊതു അവബോധം നേടണമെന്നും കുട്ടികളുള്ള കുടുംബങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞു. വ്യക്തിഗത ഉപകരണങ്ങളിൽ നുഴഞ്ഞുകയറാനും സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കാനും സൈബർ കുറ്റവാളികൾ പലപ്പോഴും അപകടകാരികളായ ആപ്ലിക്കേഷനുകൾ, വ്യാജ വെബ്സൈറ്റുകൾ, ഓൺലൈൻ ഗെയിമുകൾ എന്നിവ ഉപയോഗപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.