കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം വീണ്ടും രൂക്ഷമാകുന്നു

ഒരു ലക്ഷത്തിലേറെ തൊഴിലാളികളുടെ കരാർ പൂർത്തിയാകാനായെന്ന് അധികൃതർ

Update: 2025-01-20 12:41 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. ഒരു ലക്ഷത്തിലേറെ തൊഴിലാളികളുടെ കരാർ കഴിയാനായതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ ആകെ വനിത ഗാർഹിക തൊഴിലാളികളുടെ 25 ശതമാനത്തോളം പേരുടെ കരാറുകളാണ് അവസാനിക്കുന്നത്. ആവശ്യം ഉയരുന്നതിനനുസരിച്ച് പുതിയ തൊഴിലാളികൾ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. റമദാൻ വരുന്നതോടെ ഗാർഹികത്തൊഴിലാളികളുടെ ആവശ്യം ഉയരും.

വിദേശ റിക്രൂട്ടിങ് ഏജൻസികൾ സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിദഗ്ധൻ ബസ്സാം അൽ ശമ്മാരി പറഞ്ഞു. റിക്രൂട്ട്‌മെന്റ് നിരക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവായതാണ് ഏജൻസികളെ പിന്തിരിപ്പിക്കുന്നത്. ഏഷ്യൻ തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് 1200 ദീനാർ മുതൽ 1400 ദീനാർ വരെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ നിരക്ക്. എന്നാൽ, കുവൈത്തിൽ വാണിജ്യ മന്ത്രാലയം നിശ്ചയിച്ച തുക ഇതിന്റെ പകുതിയേ വരൂ.

പ്രതിസന്ധി പരിഹരിക്കാൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്‌മെന്റ് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ആവശ്യമായ തൊഴിലാളികളെ ലഭിച്ചിരുന്നില്ല. തൊഴിലാളികളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പീൻസ്, കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെ രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമം കൂടുതൽ രൂക്ഷമാകും.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News