കുവൈത്തിൽ ദേശീയ സൈബർ സുരക്ഷാ അവബോധ കാമ്പയിന് തുടക്കം
കാമ്പയിൻ ആഭ്യന്തര മന്ത്രാലയവും നാഷണൽ സൈബർ സുരക്ഷാ സെന്ററും സംയുക്തമായാണ് പ്രഖ്യാപിച്ചത്
കുവൈത്ത് സിറ്റി: ആഗോള സൈബർ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ദേശീയ സൈബർ സുരക്ഷാ അവബോധ കാമ്പെയ്ൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയവും നാഷണൽ സൈബർ സുരക്ഷാ സെന്ററും സംയുക്തമായി പ്രഖ്യാപിച്ച കാമ്പയിൻ 'അവബോധം, പ്രതിരോധം, സംരക്ഷണം' എന്ന മുദ്രാവാക്യത്തിലാണ് ആരംഭിച്ചത്. ഡീപ്പ്‌ഫേക്ക്, പാസ്വേഡ് സുരക്ഷ, ഫിഷിംഗ്, വൈ-ഫൈ സുരക്ഷ, സോഷ്യൽ മീഡിയ സ്വകാര്യത തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ശക്തമായ പാസ്വേഡുകൾ സൃഷ്ടിക്കൽ, ടു-ഫാക്ടർ ഓത്ന്റിക്കേഷൻ പ്രാപ്തമാക്കൽ, ഓൺലൈൻ തട്ടിപ്പുകളിൽ ജാഗ്രത പുലർത്തൽ എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തും.സഹേൽ ഇ-ഗവൺമെന്റ് ആപ്ലിക്കേഷനും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.രാജ്യത്തിന്റെ സൈബർ പ്രതിരോധ ശേഷി വർധിപ്പിക്കാനും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാനുമുള്ള നീക്കമാണിതെന്ന് അധികൃതർ വ്യക്തമാക്കി.